കൊച്ചി: പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ വിവാദ പ്രസംഗം നടത്തിയ വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെയുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം, ഇറ്റലിയില്‍ താമസിക്കുന്ന മലയാളി ജോസഫ് ഷൈന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
മണിയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടാക്കാന്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം. എന്നാല്‍ ഈ ആവശ്യങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് നിയമപരമായി അധികാരമില്ലെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയോടു നിര്‍ദേശിക്കാന്‍ നിയമപരമായി കഴിയില്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.
മൂന്നാറിലെ പൊമ്പിള ഒരുമൈ സമരത്തെക്കുറിച്ച് അശ്ലീലച്ചുവയോടെ പ്രസംഗിച്ച കേസിലെ ഹര്‍ജികള്‍ തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാര്‍ക്ക് ഈ വിഷയത്തില്‍ ഉചിതമായ ഫോറത്തില്‍ പരാതി നല്‍കാനും തുടര്‍ നടപടികള്‍ ആവശ്യപ്പെടാനും കഴിയുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കോടതി സദാചാര പോലീസാകാന്‍ ഉദേശിക്കുന്നില്ല. വാക്കുകള്‍ ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും താല്‍പര്യമാണ്. കോടതിക്ക് ആരുടെയും സ്വഭാവം മാറ്റാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മന്ത്രിയെന്ന നിലയില്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. മുഖ്യമന്ത്രി മന്ത്രിമാരെ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇടുക്കി കുഞ്ചിത്തണ്ണിയില്‍ ഏപ്രില്‍ 22 ന് നടത്തിയ പ്രസംഗത്തില്‍ പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ മണി നടത്തിയ പരാമര്‍ശങ്ങള്‍ അശ്ലീലച്ചുവയുള്ളതാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണിതെന്നും വിമര്‍ശിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
















