കൊച്ചി: കേരളത്തിലെ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിനായി വലയിലാക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മത ഭീകരവാദ ആശയങ്ങളിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്ന കാര്യം അച്ഛനുമായി പങ്കുവയ്‌ക്കുന്ന വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്. പെണ്‍കുട്ടികളെ ആസൂത്രിതമായി മതംമാറ്റുന്ന സംഘടനകളിലേക്കും സ്ഥാപനങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ഓഡിയോ ക്ലിപ്പ്.
പെണ്‍കുട്ടി തന്റെ അച്ഛനോട് സംസാരിക്കുന്ന ശബ്ദരേഖയില്‍ മലപ്പുറത്തെ സത്യസരണിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. തന്റെ മനസ്സ് മാറ്റാന്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഫോണ്‍ സംഭാഷണത്തിനിടെ പെണ്‍കുട്ടിയോട് വീട്ടില്‍ എത്താന്‍ അച്ഛന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, അച്ഛനും തന്റെ വഴിക്ക് വരണമെന്നാണ് ഇതിന് പെണ്‍കുട്ടി നല്‍കുന്ന മറുപടി.
ആടു മേയ്‌ക്കാന്‍ പോകാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പിന്നീട് അത് തെറ്റായിരുന്നുവെന്ന് ബോധ്യമായെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. മകളെ സിറിയയിലേക്ക് കൊണ്ടുപോയേക്കുമെന്ന ആശങ്ക അച്ഛന്‍ പങ്കുവെച്ചപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇക്കാര്യം കേസന്വേഷണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
പെണ്‍കുട്ടിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടെങ്കിലും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അതേസമയം മതംമാറ്റത്തിനും വിവാഹത്തിനുമപ്പുറം മതമൗലികവാദ സംഘടനകളുടെ സാന്നിദ്ധ്യവും പിന്നിലെ ദുരൂഹതയുമാണ് ഹൈക്കോടതി പരിഗണിച്ചതെന്നിരിക്കെ പോപ്പുലര്‍ഫ്രണ്ട് നടത്തുന്ന പ്രതിഷേധം സമ്മര്‍ദ്ദതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.
















