തലശ്ശേരി: തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണ പ്രവൃത്തി മന്ദഗതിയിലായതോടെ തലശ്ശേരി-ഇരിട്ടി റൂട്ടില്‍ വാഹനയാത്ര ദുഷ്‌കരമായി. പ്രവൃത്തിയുടെ ഭാഗമായി റോഡുകള്‍ മുഴുവന്‍ വെട്ടിപ്പൊളിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ തലശ്ശേരിയില്‍ നിന്ന് ഇരിട്ടിയിലേക്കുളള 44 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചെത്താന്‍ മണിക്കൂറുകളാണ് എടുക്കുന്നത്. എരഞ്ഞോളിപ്പാലം മുതല്‍ പൂക്കോട് വരെയുള്ള പ്രവൃത്തി ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് കരാറുകാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും പ്രവൃത്തി ഇതുവരെ പാതിവഴിയില്‍ പോലും എത്തിയില്ലെന്നതാണ് വസ്തുത.കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതോടെ വെട്ടിപ്പൊളിച്ച റോഡ് മുഴുവന്‍ ചളിക്കുളമായി മാറിയിട്ടുണ്ട്. ഇതോടെ ഇതുവഴിയുള്ള യാത്ര ഇരുചക്രവാഹന യാത്രികര്‍ക്ക് സാഹസിക യാത്രയായി മാറിയിട്ടുണ്ട്.
പ്രവൃത്തിയുടെ ഭാഗമായി തലശ്ശേരിയില്‍ നിന്ന് കൂത്ത്പറമ്പിലേക്കുള്ള വാഹനങ്ങളെ എരഞ്ഞോളിപ്പാലത്ത് നിന്നും കോമത്ത് പാറ, വാടിയില്‍പ്പീടിക, നായനാര്‍ റോഡ് വഴിയാണ് കടത്തിവിടുന്നത്. പൊതുവേ വീതികുറഞ്ഞ റോഡിലൂടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളെ കടത്തിവിട്ടതോടെ ഈ ഭാഗത്തും ഗതാഗത തടസം പതിവായിട്ടുണ്ട്. തലശ്ശേരി മുതല്‍ ഇരിട്ടി വളവുപാറ വരെ 54 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. 2018 സപ്തംബര്‍ മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. തലശേരി മുതല്‍ കളറോഡ് വരെയുള്ള 28 കിലോമീറ്റര്‍ റോഡും 3 വലിയ പാലങ്ങളുമാണ് പ്രവൃത്തിയുടെ ആദ്യ റീച്ചില്‍ ഉള്‍പ്പെടുന്നത്. എരഞ്ഞോളി, മെരുവമ്പായി, കരേറ്റ പാലങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. രണ്ടാം റീച്ചില്‍ ഇരിട്ടി, കൂട്ടുപുഴ എന്നീ വലിയ പാലങ്ങളും കളറോഡ്, ഉളിയില്‍ എന്നീ ചെറിയ പാലങ്ങളും ഉള്‍പ്പെടെ 26 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് പ്രവൃത്തി നടക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി തലശ്ശേരി മുതല്‍ എരഞ്ഞോളിപ്പാലം വരെ റോഡ് 2 വര്‍ഷം മുമ്പ് തന്നെ വീതി കൂട്ടി നവീകരിച്ചിരുന്നു. എന്നാല്‍ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തി ആദ്യം കരാര്‍ എടുത്ത കമ്പനി മടങ്ങിയതാണ് റോഡ് നിര്‍മാണം ഇത്രയും വൈകാന്‍ കാരണം. ഇപ്പോള്‍ പുതിയ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.
















