കൊച്ചി: ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി ഇ.പി. ജയരാജനടക്കമുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയരാജന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്. തന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരെ ജയരാജന്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഏന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചെങ്കിലും പിന്നീട് നിയമനം റദ്ദാക്കാന്‍ നിര്‍ദേശിച്ചു.
സുധീര്‍ ചാര്‍ജെടുക്കുന്നതിനു മുമ്പുതന്നെ നിയമനം റദ്ദാക്കിയതിനാല്‍ ജയരാജനോ സുധീറോ എന്തെങ്കിലും നേട്ടമുണ്ടാക്കിയെന്ന് പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഹര്‍ജി ജൂണ്‍ ആറിന് വീണ്ടും പരിഗണിക്കും.
ഇക്കാര്യം നേരത്തെ വ്യക്തമാക്കാമായിരുന്നില്ലേ എന്ന് ഈ ഘട്ടത്തില്‍ സിംഗിള്‍ബെഞ്ച് ആരാഞ്ഞു. നിയമപരമായ അറിവില്ലായ്‌മയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി.
അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണമുണ്ടായാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിഷയം തണുപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മാധ്യമങ്ങള്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും വേണ്ടിയാണ് ഈ നടപടിയെന്നും സിംഗിള്‍ബെഞ്ച് തുടര്‍ന്ന് വാക്കാല്‍ കുറ്റപ്പെടുത്തി.
ജയരാജനടക്കമുള്ളവര്‍ ഒരു തരത്തിലുള്ള നേട്ടവുമുണ്ടാക്കിയില്ലെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡിവൈഎസ്പി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
















