ന്യൂദല്‍ഹി: തര്‍ക്ക മന്ദിരം തകര്‍ന്ന സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി പന്ത്രണ്ട് പേര്‍ക്ക് സിബിഐ കോടതി ജാമ്യം അനുവദിച്ചു.
50000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ മറ്റൊരു ഹര്‍ജി കോടതി തള്ളി. തുടര്‍ന്ന് ഇവര്‍ക്കെതിരെ ഐപിസി 120 ബി പ്രകാരം ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി. മൂവരും കോടതിയില്‍ നേരിട്ട് ഹാജരായി.
ബിജെപി എംപി വിനയ് കത്യാര്‍, വിഎച്ച്പി നേതാവ് ചമ്പത്ത് റായ്, സാധ്വി ഋതംബര, വിഷ്ണു ഹരി ഡാല്‍മിയ, രാമജന്മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ നൃത്യ ഗോപാല്‍ ദാസ്, രാം വിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ്മ, ധര്‍മ്മ ദാസ്, സതീഷ് പ്രധാന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. 1992 ഡിസംബര്‍ ആറിന് തര്‍ക്കമന്ദിരം തകര്‍ക്കാന്‍ കര്‍സേവകരെ പ്രേരിപ്പിച്ചുവെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
2001ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സിബിഐ കോടതി റദ്ദാക്കിയിരുന്നു. 2010ല്‍ ഇത് അലഹബാദ് ഹൈക്കോടതി ശരിവെച്ചെങ്കിലും കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി പുനസ്ഥാപിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
















