കൊച്ചി: അഖില എന്ന പെണ്‍കുട്ടിയെ മതംമാറ്റിയതുമായി ബന്ധപ്പെട്ട് മുസ്ലിം ഏകോപന സമിതിയുടെ പ്രതിഷേധത്തിലെ കാപട്യം തുറന്നുകാട്ടി അഡ്വ. എ. ജയശങ്കര്‍. കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാരില്‍ ഒരാളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നീക്കത്തിലെ പൊള്ളത്തരമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നമ്മുടെ ദേശീയ ആഘോഷം ഓണമല്ല, പെരുന്നാളുമല്ല; ഹര്‍ത്താലാണ്. കുടില്‍ തൊട്ടു കുടുംബ കോടതി വരെ, ജാതി, മത, പാര്‍ട്ടി ഭേദമെന്യെ എല്ലാ മലയാളികളും ഹര്‍ത്താല്‍ ആഘോഷിക്കുന്നു.
ആര്‍ക്കും എപ്പോഴും എന്തു കാരണം പറഞ്ഞും ഹര്‍ത്താല്‍ പ്രഖ്യാപിക്കാം. ഒരു കാരണവുമില്ലാതെയും ഹര്‍ത്താല്‍ നടത്തി വിജയിപ്പിക്കാം.മെയ് 30 ചൊവ്വാഴ്ച എറണാകുളം ജില്ലാ ഹര്‍ത്താലാണ്. മുസ്ലിം ഏകോപന സമിതിയാണ് ആഹ്വാനം നല്‍കിയിട്ടുളളത്.
ഏകോപന സമിതിയുടെ ഹൈക്കോടതി മാര്‍ച്ച് പിണറായിപ്പോലീസ് ബലം പ്രയോഗിച്ചു തടഞ്ഞതാണ് ഹര്‍ത്താലിനു കാരണം.
ഹാദിയ കേസിലെ വിധിയാണ് മാര്‍ച്ചിനു നിദാനം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി സ്വമനസ്സാലെ ഇസ്ലാമിലേക്കു മതംമാറിയത് അംഗീകരിക്കാതെയും നിക്കാഹ് അസ്ഥിരപ്പെടുത്തിയും വിധി കല്‍പ്പിച്ച കോടതി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുളള തീവ്രവാദ സംഘടനകളാണ് മതംമാറ്റത്തിനു പിന്നിലെന്ന് നിരീക്ഷിച്ചു. ജസ്റ്റിസ് ശങ്കരന്റെ പഴയ ലൗ ജിഹാദ് വിധിയും പരാമര്‍ശിച്ചു.
കെ.സുരേന്ദ്രമോഹന്‍, ഏബ്രഹാം മാത്യു എന്നീ ജഡ്ജിമാരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ അതിക്രമം ചെയ്തത്. ജസ്റ്റിസ് സുരേന്ദ്രമോഹനെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംസ്ഥാനത്തു പലേടത്തും പ്രകടനം നടത്തിയിരുന്നു. ക്രിസ്ത്യാനിയെന്ന പരിഗണന വെച്ചാകും ഏബ്രഹാം മാത്യുവിന് ഇളവുകൊടുത്തതെന്നു തോന്നുന്നു.
തമാശയെന്തെന്നാല്‍, സുരേന്ദ്രമോഹനും ക്രിസ്ത്യാനിയാണ്. അദ്ദേഹത്തിന്റെ അപ്പന്‍ കെ. വി. കുര്യാക്കോസ് എറണാകുളത്തെ എണ്ണപ്പെട്ട വക്കീലായിരുന്നു.
ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ശ്രദ്ധയ്‌ക്ക്:
മക്കള്‍ക്കു പേരിടുമ്പോള്‍ ഔസേപ്പ്, മത്തായി, വറുത്, അന്തോണി മുതലായ പരമ്പരാഗത നാമങ്ങളാണ് നല്ലത്. കുറഞ്ഞ പക്ഷം ഇംപീച്ച്‌മെന്റില്‍ നിന്നെങ്കിലും അവരെ അത് കരകയറ്റും.
















