കാഞ്ഞാര്‍: ഇലവീഴാപൂഞ്ചിറ ചക്കിക്കാവ് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ തുറക്കുന്നതോടെ വാഹന സൗകര്യമില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇത്തവണയും ദുരിതത്തിന് ഒരു കുറവും ഉണ്ടാകില്ല. കാഞ്ഞാര്‍ വഴി ഇലവീഴാപൂഞ്ചിറയ്‌ക്കുള്ള റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനാല്‍ ഇതു വഴി വാഹനഗതാഗതം ദുഷ്‌കരമാണ്.
ഇലവീഴാപൂഞ്ചിറ വഴി കാഞ്ഞിരംകവലയില്‍ എത്തിച്ചേരുന്ന റോഡ് പണിയാണ് നീളുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് ഈ പ്രദേശത്ത് നിന്നും പഠനത്തിനായി വിവിധ മേഖലയിലേക്ക് പോകുന്നത്. റോഡ് തീരെ മോശമായതിനാല്‍ നേരത്തെ ഉണ്ടായിരുന്ന ട്രിപ്പ് ജീപ്പ് ഇപ്പോള്‍ പേരിന് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചക്കിക്കാവ് പൂഞ്ചിറ നിവാസികള്‍ക്ക് പഠനത്തിനായി കാഞ്ഞാറിലെത്തിയിട്ട് വേണം മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍.
വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ നടന്ന് വേണം ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് വാഹനസൗകര്യം ഉള്ളയിടത്ത് എത്തിച്ചേരാന്‍. ഇരുചക്രവാഹനം പോലും സഞ്ചരിക്കുവാന്‍ കഴിയാത്ത വിധം റോഡ് തകര്‍ന്ന് കിടക്കുകയാണ്. റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് ജനങ്ങള്‍ സമരരംഗത്ത് വന്നിരുന്നു. സ്‌കൂളില്‍ പോകുവാന്‍ തയ്യാറായി നില്‍ക്കുന്ന കൊച്ചു കുട്ടികളാണ് വാഹനസൗകര്യം ഇല്ലാത്തതിനാല്‍ കഷ്ടപ്പെടുന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ ഈ പ്രദേശത്തുള്ള മാതാപിതാക്കളുടെ മനസില്‍ കുട്ടികളെ സ്‌കൂളില്‍ അയക്കുന്ന കാര്യത്തില്‍ ആശങ്കയാണ്.
സുരക്ഷിതമായ യാത്രാ സൗകര്യം ഇല്ലാതെ എങ്ങനെ കുട്ടികളെ സ്‌കൂളില്‍ അയക്കും എന്നാണ് ഇവിടുത്തെ അമ്മമാരുടെ ചോദ്യം.
















