ആലപ്പുഴ: എംടിയുടെ രണ്ടാമൂഴത്തിന് ഒരിക്കലും മഹാഭാരതമാകാന്‍ കഴിയില്ലെന്ന് മുന്‍ എംഎല്‍എയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ ഡി. സുഗതന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സുഗതന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്.
രണ്ടാംമൂഴം, രണ്ടാമൂഴം മാത്രമാണ്, രണ്ടാമൂഴത്തിലെ ഭീമന്‍ മഹാഭാരത്തിലെ ഭീമനല്ല. ആ ഭീമന്‍ എംടിയുടെ ഭീമനാണ്. രണ്ടാമൂഴത്തിലെ കുന്തിദേവിയും മഹാഭാരത്തിലേതല്ല. വടക്കന്‍ വീരഗാഥയില്‍ ഉണ്ണിയാര്‍ച്ചയെ കൈകാര്യം ചെയ്തതു പോലെ കുന്തിദേവിയെയും എംടി കൈകാര്യം ചെയ്തിരിക്കുന്നു.
മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം സിനിമയാക്കിയാല്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ വന്‍ തുകയ്‌ക്ക് നേരത്തെ ഇന്‍ഷ്വര്‍ ചെയ്യേണ്ടി വരും. ഇക്കാര്യത്തില്‍ ചര്‍ച്ചക്കു തയ്യാറാണ്. മഹാഭാരത്തിലെ മുഴുവന്‍ മുഹൂര്‍ത്തങ്ങളും വംശാവലിയും നന്നായി അറിയാം. എംടിയുടെ രണ്ടാമൂഴം മഹാഭാരതം മൂല കഥയ്‌ക്ക് വിരുദ്ധമാണ്.
മഹാഭാരത കഥയിലെ രണ്ടു മൂന്നു അദ്ധ്യായങ്ങള്‍ അടര്‍ത്തിയെടുത്ത് എംടി അദ്ദേഹത്തിന്റെ ഭാവനയ്‌ക്ക് അനുസരണമായി അവതരിപ്പിച്ചിരിക്കുകയാണ്. അതു മഹാഭാരത കഥയല്ലെന്നും സുഗതന്‍ പറയുന്നു.
















