ചക്കരക്കല്‍: വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോഴേക്കും കുട്ടികളുമായി ട്രെയിനില്‍ വിദ്യാഭ്യാസയാത്ര പോകാന്‍ ഒരുങ്ങുകയാണ് ചക്കരക്കല്‍ മൗവേരി യുപി സ്‌കൂള്‍. ഇത്തവണ മൗവേരി സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കായി ട്രെയിന്‍ കംപാര്‍ട്ട്‌മെന്റിന്റെ രൂപത്തിലാണ് ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായാണ് ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസ് മുറികള്‍ ട്രെയിന്റെ രൂപത്തിലാക്കിയത്. പഠനത്തിനൊപ്പം കുട്ടികളുടെ മാനസിക ഉല്ലാസവും കണക്കിലെടുത്തായിരുന്നു ക്ലാസ് മുറികളുടെ രൂപമാറ്റം.
പുറമെ നിന്നു കാണുന്ന ഒരാള്‍ക്ക് ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നതു പോലെയാണ് ക്ലാസ് മുറികള്‍ ഒരുക്കിയിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് സ്‌കൂള്‍ ട്രെയിന്‍ കാണാനും സെല്‍ഫി എടുക്കാനും എത്തിയത്. ട്രെയിനിനുമുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് അയച്ചാല്‍ സമ്മാനവും സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍ സ്‌കൂളിന്റെ മുന്നില്‍ നിന്ന് ഒറ്റക്കോ രക്ഷിതാക്കള്‍ക്കൊപ്പമോ സെല്‍ഫിയെടുത്ത് സ്‌കൂളിന്റെ ഫെയ്‌സ് ബുക്ക് പേജിലേക്ക് അയച്ചാല്‍ മതി. സമ്മാനം പ്രഖ്യാപിച്ചതോടെ സെല്‍ഫിക്കാരുടെ തിരക്കും കൂടി. തങ്ങളുടെ ക്ലാസ് മുറികള്‍ ട്രെയിന്‍ രൂപത്തില്‍ കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ക്കും ഇതൊരു കൗതുകമായി. ആര്‍ട്ടിസ്റ്റ് വിനോദിന്റെ നേതൃത്വത്തിലാണ് മൗവ്വേരി സ്‌കൂളിനെ ട്രെയിനിന്റെ രൂപത്തിലാക്കി മനോഹരമാക്കിയെടുത്തത്.
















