ന്യൂദല്‍ഹി: തെക്കന്‍ സുഡാനില്‍ വിമതര്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ വിട്ടയച്ചു. ദാര്‍ പെട്രോളിയം ഓപ്പറേറ്റിംഗ് കമ്പനിയിലെ എന്‍ജിനിയര്‍മാരായ മിഥുന്‍ ഗണേഷ്, എഡ്വേര്‍ഡ് എന്നിവരെയാണ് മോചിപ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരുടെ മോചനം സാധ്യമായതെന്ന് കന്പനിയുടെ പ്രൊഡക്ഷന്‍ ഓപ്പറേറ്റര്‍ അജയ് രാജ പറഞ്ഞു.
മാര്‍ച്ച് എട്ടിനാണ് പാക് എന്‍ജിനിയര്‍ അയാസ് ജമാലി അടക്കം മൂന്നു പേരെ സൗത്ത് സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയത്. എണ്ണ ഖനന മേഖലയായ അപ്പല്‍ നൈലില്‍ നിന്നാണ് ഇവരെ പിടിച്ചുകൊണ്ടുപോയത്. ഇതേത്തുടര്‍ന്നു ട്വിറ്ററിലൂടെ രാജ ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
















