തിരുവനന്തപുരം: മദ്യശാല സ്ഥാപിക്കാനുള്ള ചട്ടങ്ങളില്‍ ഇളവുകള്‍ കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചേക്കും. മദ്യശാലകള്‍ സ്ഥാപിക്കുന്നതിനായി തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണമെന്ന നിബന്ധന ഓര്‍ഡിനന്‍സിലൂടെ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് മറ്റ് മാര്‍ഗങ്ങള്‍ തേടി സര്‍ക്കാര്‍ നീക്കമാരംഭിച്ചത്.
ബാറുകളും മദ്യശാലകളും വഴി 8,000 കോടിയാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവ പൂട്ടിയതോടെ 4000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. വരുമാനത്തില്‍ നഷ്ടം നേരിട്ടതായി ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നും സൂചനയുണ്ട്.
മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ എജിയോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.
















