തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെ കുടുക്കിയ ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട് മംഗളം ചാനല്‍ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളവര്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ചാനല്‍ ഓഫീസില്‍ എത്തി പ്രത്യേക അന്വേഷണ സംഘം തെളിവെടുത്തത്.
ഫോണ്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്ത മൊബൈല്‍ ഫോണ്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ചാനല്‍ അധികൃതര്‍ കൈമാറിയില്ല. ഇത് കണ്ടെടുക്കക എന്ന ലക്ഷ്യം കൂടി അന്വേഷണ സംഘത്തിനുണ്ട്. പ്രതിചേര്‍ക്കപ്പെട്ടവരില്‍ നിന്ന് കൂടാതെ ചാനല്‍ വിഭാഗത്തിലെ പ്രധാനികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ചാനലിന്റെ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകളുടെ കോപ്പികളും അന്വേഷണ സംഘം ശേഖരിച്ചു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലത്തെ പരിശോധന.
















