ന്യൂദല്‍ഹി: ജീവനക്കാരനെ ചെരുപ്പൂരിയടിച്ചതിനെ തുടര്‍ന്ന് വിമാനയാത്രയ്‌ക്ക് എയര്‍ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയ ശിവസേന എംപി രവീന്ദ്ര ഗെയ്‌ക്ക് വാദിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സ്വകാര്യ വിമാനക്കമ്പനികളും പിന്‍വലിച്ചു.
ഇന്ത്യയിലെ എയര്‍ലൈന്‍ കമ്പനികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് നീക്കാന്‍ ധാരണയായത്. ഗെയ്‌ക്ക് വാദ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്.ഐ.എ) അസോഷ്യേറ്റ് ഡയറക്ടര്‍ ഉജ്ജ്വല്‍ ഡോ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഡ്യൂട്ടി മാനേജരെ ചെരുപ്പൂരി അടിച്ചതിന് പിന്നാലെയാണ് എം.പിക്ക് എയര്‍ ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.പിന്നാലെ രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികളും ഗെയ്‌ക്ക് വാദിന് വിലക്കേര്‍പ്പെടുത്തി. വിലക്ക് നിലവില്‍ വന്ന മാര്‍ച്ച് 24 നുശേഷം എയര്‍ ഇന്ത്യ വിമാനങ്ങളിലും സ്വകാര്യ വിമാനക്കമ്പനികളുടെ വിമാനങ്ങളിലും യാത്ര നടത്താന്‍ ഗെയ്‌ക്ക് വാദ് നിരവധി തവണ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ടിക്കറ്റ് വിമാനക്കമ്പനികള്‍ റദ്ദാക്കി.
ഡ്യൂട്ടി മാനേജരെ ചെരുപ്പൂരി അടിച്ച സംഭവത്തില്‍ ഗെയ്‌ക്ക് വാദ് ഖേദപ്രകടനം നടത്തിയതിന് പിന്നാലെ വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
















