തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസിനെ നേര്‍വഴിക്ക് നയിക്കേണ്ട ഇന്റലിജന്‍സ് മേധാവിക്ക് വഴിതെറ്റിയാല്‍ എങ്ങനെയിരിക്കും. മന്ത്രിയുടെ വീട്ടിലേക്കുള്ള വഴി മാത്രമല്ല, മന്ത്രിയെ തിരിച്ചറിയുന്നതിലും തെറ്റി. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിനാണ് അബദ്ധം പറ്റിയത്. പറ്റിയ അബദ്ധത്തിന് മന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും ശരിക്കും കേട്ടു.
ഇന്നലെ പുലര്‍ച്ചെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ മുഹമ്മദ് യാസിന്‍ ഫോണ്‍ ചെയ്യുകയായിരുന്നു. പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാന്‍ തനിക്ക് സമയം അനുവദിക്കണമെന്നാണ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. മന്ത്രി വരാനും പറഞ്ഞു. എട്ടുമണിക്ക് തന്നെ ഔദ്യോഗിക വസതിയിലെത്തിയപ്പോഴാണ് മുഹമ്മദ് ദായിന്‍ ആശയക്കുഴപ്പത്തിലായത്. തൊട്ടുമുന്നില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ആകെ പരിഭ്രാന്തിയിലായ ഇന്റലിജന്‍സ് മേധാവി വാക്കുകള്‍ക്കായി പരതി. ചോദിച്ചത് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അല്ലേ എന്നും.
റവന്യൂമന്ത്രി ശരിക്കും ഞെട്ടി. ഒടുവില്‍ സുനില്‍കുമാറിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള വഴി മുഹമ്മദ് യാസിന് പറഞ്ഞുകൊടുത്ത് യാത്രയാക്കിയ റവന്യൂമന്ത്രി ഇന്റലിജന്‍സ് മേധാവിയുടെ ശ്രദ്ധക്കുറവിലുള്ള അരിശം മാധ്യമങ്ങളിലൂടെ പ്രകടമാക്കുകയും ചെയ്തു.
തൃശൂരില്‍ കൃഷിവകുപ്പ് ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്റ്റേഷന്‍ ഒഴിയണമെന്ന് കൃഷിവകുപ്പ് ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേക്കുറിച്ച് ചര്‍ച്ചചെയ്യാനാണ് മുഹമ്മദ് യാസിന്‍ കൃഷിമന്ത്രിയെ കാണാനെത്തിയത്.
എന്നാല്‍ മുഹമ്മദ് യാസിനു തന്നെയറിയാമെന്നും യാസിന്റെ ഡ്രൈവര്‍ക്ക് വഴിതെറ്റിയതാണെന്നും കൃഷിമന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. ഇന്റലിജന്‍സ് മേധാവിയുടെ അബദ്ധം മാധ്യമങ്ങള്‍ ആഘോഷിച്ചതോടെ മുഖ്യമന്ത്രി ‘വയലന്റായി’ എന്നാണറിവ്. മുഹമ്മദ് യാസിനെ വിളിച്ച് മുഖ്യമന്ത്രി വിഷയം ‘ശരിക്കും’ ആരാഞ്ഞു.
















