ആലപ്പുഴ: ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പില്‍ മധ്യവയസ്‌കനെ കൂരമായി മര്‍ദിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്തു.അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.തൈക്കാട്ടുശ്ശേരി മഠത്തില്‍വെളി വീട്ടില്‍ എം ജി അനീഷ് കുമാറിനാണ് മര്‍ദനമേറ്റത്.
തൈക്കാട്ടുശേരി ബിവറേജസ് ഔട്ട്ലെറ്റ് വളപ്പിലാണ് മര്‍ദ്ദനം നടന്നത്. ക്രിമിനല്‍ കേസുകളിലെ പ്രതികളായ യുവാക്കളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം
ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. മര്‍ദനമേറ്റയാള്‍ കേസ് വേണ്ടെന്ന് പറഞ്ഞിരുന്നതിനാലാണ് നേരത്തെ കേസെടുക്കാതിരുന്നത്.
വരിനിന്നവരെ മറികടന്ന് മദ്യം വാങ്ങിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അതിനെ എതിര്‍ത്ത ഒരു വയോധികനെ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. യുവാക്കളുടെ പ്രവര്‍ത്തിയെ അനീഷ് കുമാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
















