മാവേലിക്കര: എബിവിപി ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുടെ ഉറപ്പില്‍ അനിശ്ചിതകാല നിരാഹാര സമരം മാറ്റിവച്ചെന്ന് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി സി. അനുജിത്ത് അറിയിച്ചു. അനുജിത്ത്, എബിവിപി ജില്ലാ ജോ. കണ്‍വീനര്‍ ഹരിഗോവിന്ദ്, യൂണിറ്റ് പ്രസിഡന്റ് മനു എന്നിവര്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
പ്രിന്‍സിപ്പലിനെ മാറ്റുക, സൗഹാര്‍ദപരമായ അന്തരീക്ഷം കോളേജില്‍ ഉണ്ടാക്കുക, വൃത്തിയുള്ള ഭക്ഷണം ഉറപ്പു വരുത്തുക, എത്രയും വേഗം ക്ലാസുകള്‍ ആരംഭിക്കുക എന്നിവയാണ് എബിവിപി മാനേജ്‌മെന്റിനു മുന്‍പില്‍ വച്ചത്. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എബിവിപി നേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കി.
മൂന്ന് ദിവസത്തിനുള്ളില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി എബിവിപി മുന്നോട്ടു പോകുമെന്ന് അനുജിത്ത് അറിയിച്ചു.
















