തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കുരുതി നടത്തിയത് രക്ഷകര്‍ത്താക്കളില്‍ നിന്നുള്ള അവഗണനയില്‍ മനം മടുത്താണെന്ന് പ്രതി കേഡല്‍. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന കേഡലിന്റെ മൊഴി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് പോലീസ്.
മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ പ്രതി കേദല്‍ ജീന്‍സണ്‍ രാജ മൊഴി നല്‍കിയാതായി പോലീസ് പറഞ്ഞു. അച്ഛനെ കൊന്നതിനുശേഷമാണ് ബാക്കിയുള്ളവരെ വധിച്ചത്. കൃത്യം നടത്താനും തെളിവു നശിപ്പിക്കാനും ഇയാള്‍ വ്യക്തമായ പദ്ധതി തയാറാക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു. കേഡലിന്റെ ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ മൊഴി ആദ്യമേ പോലീസ് മുഖവിലയ്‌ക്കെടുത്തില്ല.
പരസ്പരവിരുദ്ധമായാണു പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയത്. തുടര്‍ന്ന് മനഃശാസ്ത്ര വിദഗ്‌ദ്ധരുടെ സാന്നിധ്യത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ കുറ്റബോധം തെല്ലുമില്ലാതെയും ചിരിച്ചുകൊണ്ടുമാണ് കൂട്ടക്കുരുതിയിലേക്കു നയിച്ച സാഹചര്യം പ്രതി വിശദീകരിച്ചത്. കേഡലിന്റെ മനസ്സ് കൊടും ക്രിമിനലിന്റേതാണെന്ന് മനഃശാസ്ത്രജ്ഞന്‍ പറയുന്നു.
മനസ്സിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണു താന്‍ ബന്ധുക്കളുടെ കൂട്ടക്കുരുതിയിലൂടെ നടത്തിയതതെന്ന് പ്രതി ആദ്യം പറഞ്ഞു.
എന്തിനാണു താന്‍ ഈ കൊലപാതകങ്ങള്‍ നടത്തിയതെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണു ചെന്നൈയില്‍ നിന്നു തിരികെ തിരുവനന്തപുരത്ത് വന്നതെന്ന് പിന്നീടു പറഞ്ഞു. ഒരേ ദിവസമാണു കൊലപാതകങ്ങള്‍ എല്ലാം നടത്തിയതെന്ന് കേഡല്‍ പറയുന്നതിലും വൈരുദ്ധ്യമുണ്ട്. വീട്ടുജോലിക്കാരിയുടെയും അയല്‍വാസികളുടെയും മൊഴി ഇതിനോട് യോജിക്കുന്നില്ല. ബുധനാഴ്ചയാണു മൂന്നുപേരെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
















