തിരുവനന്തപുരം: ചട്ടമ്പിസ്വാമികള്‍ രചിച്ച വേദാന്തസാരം, വേദാന്ത സംഗ്രഹം എന്നീ പുസ്തകങ്ങളുടെ പുനഃപ്രകാശനം തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമി നിര്‍വ്വഹിച്ചു. സ്വാമിയില്‍ നിന്നും പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ പുസ്തകം സ്വീകരിച്ചു. ഭാരതീയ സംസ്‌കാരം നില നില്‍ക്കുന്നതിന് ഇത്തരം പുസ്തകങ്ങളുടെ പ്രചാരണം അനിവാര്യമാണെന്ന് പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമി പറഞ്ഞു. ചട്ടമ്പി സ്വാമി തന്റെ വേദാന്തത്തിലൂടെ ഉപനിഷത്തുക്കളെ ലളിതമായി വിവരിച്ചിരിക്കുന്നു. ഉപനിഷത്ത് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാരന് ഇത് ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. എന്‍.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. അശ്വതി ഗോപിനാഥ് പുസ്തകം പരിചയപ്പെടുത്തി. വേദാന്ത പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. കെ. മഹേശ്വരന്‍ നായര്‍, സ്വാമി ശാന്തി പ്രസാദ്, വിമല്‍കുമാര്‍, ആര്‍. രാമന്‍ നായര്‍, വി.എസ്. മധുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
ചട്ടമ്പി സ്വാമി ഡിജിറ്റല്‍ ആര്‍ക്കൈവ് ആണ് പരിപാടി സംഘടിപ്പിച്ചത്. ചട്ടമ്പിസ്വാമികളുടെ കൃതികളും ബന്ധപ്പെട്ട രേഖകളും സംരക്ഷിക്കാനും ഗവേഷകര്‍ക്ക് ലഭ്യമാക്കാനും വേണ്ടി ദക്ഷിണേന്ത്യ പഠന കേന്ദ്രം രൂപപ്പെടുത്തിയ വിവര ശേഖരണമാണ് ചട്ടമ്പി സ്വാമി ഡിജിറ്റല്‍ ആര്‍ക്കൈവ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പില്‍ക്കാല ഗവേഷകര്‍ക്കും വേണ്ടി ചട്ടമ്പി സ്വാമികളെക്കുറിച്ചുള്ള വിവരങ്ങള്‍ സംരക്ഷിക്കുകയാണ് ആര്‍ക്കൈവിന്റെ ലക്ഷ്യം.
















