കോഴിക്കോട്: രാഷ്‌ട്രീയ എതിരാളികളെ വകവരുത്തുന്നത് ശൈലിയാക്കിയ സിപിഎം നേതൃത്വം കൊലക്ക് നിയോഗിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള പുതിയ സിദ്ധാന്തങ്ങളാണ് പ്രയോഗത്തില്‍ വരുത്തുന്നതെന്ന് കൂടുതല്‍ വ്യക്തമാകുന്നു. പാര്‍ട്ടി ഗൂഢാലോചന നടത്തി കൊലപ്പെടുത്തുന്ന കേസന്വേഷണത്തെ ഏതൊക്കെ രീതിയില്‍ ദുര്‍ബലമാക്കാമെന്ന പാഠങ്ങളാണ് ഓരോ കൊലപാതകത്തിലൂടെയും വെളിവാകുന്നത്.
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിനെ പട്ടാപ്പകലാണ് സിപിഎം നേതൃത്വം ഒരുക്കി നിര്‍ത്തിയ കൊലയാളിസംഘം കൊലപ്പെടുത്തിയത്. മനോജ് ഓടിച്ച വാഹനത്തിന് നേരെ ആദ്യം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നിയന്ത്രണംവിട്ട് റോഡിന് തൊട്ടടുത്ത മതിലില്‍ ഇടിച്ച് നിന്ന വാഹനത്തില്‍ നിന്ന് മനോജിനെ വലിച്ചിറക്കിയശേഷം ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. തികച്ചും സംഘര്‍ഷരഹിതമായ അവസ്ഥയില്‍ കൊലപാതകം നടത്തി വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് വിദഗ്ധമായി രക്ഷപ്പെടാമെന്ന ഗൂഢതന്ത്രമാണ് സിപിഎം നേതൃത്വം ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വഴിയില്‍വെച്ച് മനോജിന്റെ വാഹനത്തില്‍ കയറിയ പ്രമോദ് സംഭവത്തിന് ദൃക്‌സാക്ഷിയാവുകയും കൊലപാതകത്തിന് പാര്‍ട്ടി നിയോഗിച്ച ബ്രാഞ്ച് കമ്മിറ്റിഅംഗം വിക്രമന്‍ ഉള്‍പ്പെടെയുള്ള കൊലയാളി സംഘത്തിന്റെ പേര് പുറത്തുവരികയുമായിരുന്നു.
ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം നിയോഗിച്ച കൊലയാളിസംഘത്തെ അന്വേഷണസംഘം വളരെ സാഹസികമായിട്ടാണ് അറസ്റ്റുചെയ്തത്.പ്രതികളില്‍ നിന്ന് കൊലപാതകത്തെകുറിച്ചുള്ള നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ ഗൂഢാലോചന പുറത്തുവരികയുമുണ്ടായി. മാത്രമല്ല കൊലയാളി സംഘാംഗമായ ടി.കെ.രജീഷ് യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയതില്‍ പങ്കാളിയാണെന്നും മറ്റ്ചിലരും ഇതില്‍ പങ്കാളികളാണെന്ന കാര്യവും വെളിപ്പെടുകയുണ്ടായി.
ടി.പി.ചന്ദ്രശേഖരന്‍ വധം പൊതുസമൂഹത്തില്‍ ഏറെ അവമതിപ്പുണ്ടാക്കിയത് ബോധ്യമായ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം പഴുതുകളടച്ച് ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്താനുള്ള ഗൂഢതന്ത്രം തയ്യാറാക്കിയത്. എന്നാല്‍ കേസില്‍ പാര്‍ട്ടി ജില്ലാനേതൃത്വവുമായി ഉറ്റബന്ധം പുലര്‍ത്തുന്ന പാര്‍ട്ടി അംഗം കൂടിയായ വിക്രമന്‍ കേസില്‍ പ്രതിയായതോടെ പഠിപ്പിച്ചുവിട്ട മൊഴിയുമായി കോടതിയില്‍ കീഴടങ്ങുന്ന തന്ത്രമാണ് സിപിഎം ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്. പോലീസ് ചോദ്യം ചെയ്യലില്‍ കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് വിക്രമന്‍ മൊഴിനല്‍കിയിരിക്കുന്നത്. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സുരേന്ദ്രന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് മനോജ് വധമെന്നും മൊഴിയില്‍ പറയുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനക്കാരായ പാര്‍ട്ടി നേതൃത്വത്തെ പൂര്‍ണ്ണമായും രക്ഷപ്പെടുത്തിക്കൊണ്ടുള്ള വിക്രമന്റെ മൊഴി ഇതേകാരണംകൊണ്ട് തന്നെ വ്യാജമാണെന്ന് വ്യക്തമാവുകയാണ്. .
പി.പി. ദിനേശന്‍
















