കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കിലെ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ഭാരവാഹികളും മെമ്പര്‍മാരും ഒന്നൊന്നായി പ്രതിപ്പട്ടികയിലേക്ക്. കൊലപാതകത്തില്‍ പങ്കില്ലെന്ന പതിവ് പല്ലവിയുമായി രംഗത്തെത്തിയ ജില്ലാ നേതൃത്വവും പ്രമുഖ നേതാക്കളും മൗനത്തിലാണ്. വീണ്ടും ആസൂത്രിത കൊലപാതകത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കതിരൂര്‍ ഉള്‍പ്പെടെയുളള പാര്‍ട്ടി ഗ്രാമങ്ങളിലെ അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി.
ടിപി, ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ പാര്‍ട്ടിക്കുണ്ടായ പേരു ദോഷത്തില്‍ നിന്നും രക്ഷപ്പെട്ടു വരവേ ഉണ്ടായ മനോജ് വധം പാര്‍ട്ടിക്ക് വീണ്ടും ജന മധ്യത്തില്‍ ദുഷ്‌പേരുണ്ടാക്കി. ഇതിന് വഴിയൊരുക്കിയ നേതൃത്വത്തിനെതിരെ പലയിടങ്ങളിലും അണികള്‍ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.
നേതാക്കള്‍ പിടിയിലായിത്തുടങ്ങിയതോടെ മനോജ് വധത്തില്‍ പങ്കില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന വീടുകയറിയുളള പ്രചരണം പലയിടങ്ങളിലും നിലച്ചിരിക്കുകയാണ്. മാത്രമല്ല പുതിയ സാഹചര്യത്തില്‍ പലമേഖലയിലും വിശദീകരണവുമായി എത്തുന്ന സഖാക്കള്‍ പാര്‍ട്ടി അനുഭാവികളുടേയും ജനങ്ങളുടേയും ചോദ്യങ്ങള്‍ക്ക് മുമ്പില്‍ മറുപടി പറയാനാവാതെ പതറുകയാണ്.
മുഖ്യപ്രതി സിപിഎം കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം വിക്രമന്‍ പിടിയിലായതോടെ കേസില്‍ നിന്നും തടിയൂരാനുളള സിപിഎം നേതൃത്വത്തിന്റെ സകല തന്ത്രങ്ങളും പാളി. വിക്രമനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയെങ്കിലും ആദ്യ രണ്ടു ദിവസങ്ങളില്‍ പാര്‍ട്ടി ചൊല്ലിപ്പഠിപ്പിച്ച മൊഴികള്‍ മാത്രം മൊഴിഞ്ഞ് അന്വേഷണത്തെ വഴി തെറ്റിക്കാനും പാര്‍ട്ടി നേതാക്കളെ രക്ഷിക്കാനും ശ്രമിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറിയുടെ സന്തത സാഹചാരിയായിരുന്നു വിക്രമന്‍. ജില്ലാ നേതാവുള്‍പ്പെടെയുളളവര്‍ പ്രതിക്കൂട്ടിലാവാതെ രക്ഷപ്പെടുത്താന്‍ തക്ക മൊഴികളായിരുന്നു വിക്രമന്‍ ക്രൈബ്രാഞ്ച് സംഘത്തിന് നല്‍കിയിരുന്നത്.
എന്നാല്‍ ശരീരത്തില്‍ ബോംബ് ചീളുകള്‍ തെറിച്ച് പരിക്കേറ്റതായി ഫോറന്‍സിക്ക് പരിശോധനയില്‍ തെളിഞ്ഞതോടെ അക്രമത്തില്‍ വിക്രമന്‍ നേരിട്ട് പങ്കെടുത്തതായി പോലീസ് കണ്ടെത്തി. പരിക്ക് ചികിത്സിച്ചത്, പത്തു ദിവസത്തോളം ഒളിവില്‍ കഴിഞ്ഞത്, കോടതിയില്‍ കീഴടങ്ങാന്‍ സഹായിച്ചത് എന്നിവ സംബന്ധിച്ച അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് പാര്‍ട്ടി മെമ്പര്‍മാരും ലോക്കല്‍ ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളും പ്രതിപ്പട്ടികയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനും വിക്രമനെ രക്ഷപ്പെടാന്‍ സഹായിച്ചതിനും കഴിഞ്ഞ ദിവസം പിടിയിലായ ചപ്ര പ്രകാശന്‍ എന്ന ചന്ദ്രോത്ത് പ്രകാശനെ ചോദ്യം ചെയ്തതോടെയാണ് നേതൃത്വത്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമായത്. ഇരുവരെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിനു മുന്നില്‍ പതറിയ വിക്രമനും പ്രകാശനും അതുവരെ സംഭവിച്ചതെല്ലാം തുറന്ന് പറഞ്ഞു.
















