ഇരിട്ടി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുവാനായി ഇരിട്ടി നഗരസഭ മുഖേന നല്‍കിയ ലോണുകള്‍ നിരസിച്ചതിനെത്തുടര്‍ന്നു ഇരിട്ടി നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇരിട്ടി നഗരത്തിലെ എസ്ബിഐ ശാഖാ മാനേജറെ ഉപരോധിച്ചു. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്റെ നേതൃത്വത്തില്‍ എത്തിയ കൗണ്‍സിലര്‍മാരുടെ സംഘമാണ് ഇരിട്ടി തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ശാഖാ മാനേജര്‍ സി.വികാസനെ ഒരു മണിക്കൂറോളം നേരം ഉപരോധിച്ചത്.
അര്‍ഹതപെട്ട ഇരുപതോളം പേരുടെ അപേക്ഷകളാണ് ലോണ്‍ നല്‍കാനാവില്ലെന്ന് കാണിച്ച് പുന്നാട്ടേയും, ഇരിട്ടിയിലെയും എസ്ബിഐ (മുന്‍ എസ്ബിടി) ശാഖാ ബാങ്ക് മാനേജര്‍മാര്‍ തിരിച്ചയച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇരിട്ടി നഗരസഭയിലെ 33 കൗണ്‍സിലര്‍മാരും കക്ഷിഭേദമന്യേ ചെയര്‍മാന്‍ പി.പി. അശോകന്റെ നേതത്വത്തില്‍ എസ് ബി ഐ ശാഖാ ഓഫീസിലെത്തി ഇന്നലെ രാവിലെ 10 മണിയോടെ മാനേജരെ തടഞ്ഞുവെച്ചത്. ഇവര്‍ മാനേജരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ ബാങ്കിന്റെ പോളിസിയില്‍ മാറ്റം വരുത്താന്‍ തനിക്കാവില്ലെന്ന് മാനേജര്‍ പറഞ്ഞതോടെ ഏറെ നേരം നടന്ന തര്‍ക്കത്തിനൊടുവില്‍ ഇരിട്ടി എസ്‌ഐ സജ്ജയ്‌കുമാര്‍ ഇവരുമായി ചര്‍ച്ച നടത്തി. റീജണല്‍ മാനേജര്‍ ഉച്ചക്ക് 12 മണിയോടെ സ്ഥലത്തെത്തി എല്ലാവരുമായി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാമെന്ന ഉറപ്പില്‍ ഉപരോധം തല്‍ക്കാലം നിര്‍ത്തിവെച്ചു.
തുടര്‍ന്ന് 12 മണിയോടെ എത്തിയ റീജണല്‍ മാനേജര്‍ സുരേഷ് കണ്ണൂരുമായി ഇരിട്ടി എസ്‌ഐ സജ്ജയ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ചു ദിവസത്തിനുള്ളില്‍ മേല്‍ ഉേദ്യാഗസ്ഥരുമായി ചര്‍ച്ചനടത്തി ഇതിനു പരിഹാരം നിര്‍ദ്ദേശിക്കാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും പിരിഞ്ഞു പോവുകയായിരുന്നു. ചര്‍ച്ചയില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍, വൈസ് ചെയര്‍മാന്‍ കെ. സരസ്വതി, കൗണ്‍സിലര്‍മാരായ പി.എം. രവീന്ദ്രന്‍, സത്യന്‍ കൊമ്മേരി, സി. മുഹമ്മദലി, അബ്ദുറഹിമാന്‍, പി.പി. ഉസ്മാന്‍, പി.വി. മോഹനന്‍ എന്നിവരും പങ്കെടുത്തു. ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കാനാണ് നഗരസഭാ കൗണ്‍സിലര്‍ മാരുടെ തീരുമാനം.
















