കൊച്ചി: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട എസ്.ജി. ഹരികുമാര്‍ എന്ന ഹരിസ്വാമി നാട്ടുകാര്‍ക്ക് വെറും ബിസിനസുകാരന്‍. ഹോട്ടല്‍ വ്യവസായവുമായി കോട്ടയത്തു നിന്ന് കോലഞ്ചേരിയിലേക്ക് കുടിയേറിയ ശ്രീകൃഷ്ണവിലാസം ഗോപാലകൃഷ്ണന്‍ നായരുടെ അഞ്ച് മക്കളില്‍ രണ്ടാമനാണ് ഹരികുമാര്‍. കോലഞ്ചേരിയില്‍ ദൈവസഹായം ഹോട്ടല്‍ നടത്തിയിരുന്ന ഗോപാലകൃഷ്ണന്‍ നായര്‍ പിന്നീട് പട്ടിമറ്റം ചെങ്ങരയില്‍ സ്ഥിരതാമസമാക്കി.
ചെറുപ്പം മുതല്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഹരികുമാര്‍ ശുഭ്രവസ്ത്രധാരിയായിരുന്നു. പിന്നീടത് കാവിയായി. ഇതോടെയാണ് ഇയാള്‍ നാട്ടുകാര്‍ക്കിടയില്‍ ഹരിസ്വാമി ആയത്. അച്ഛന്റെ മരണശേഷം ഇയാളായിരുന്നു ഹോട്ടല്‍ നടത്തിയിരുന്നത്. കോലഞ്ചേരിയില്‍ കൂടാതെ വൈറ്റില, പുത്തന്‍കുരിശ്, ചൂണ്ടി എന്നിവിടങ്ങളിലും കച്ചവടസ്ഥാപനങ്ങള്‍ ആരംഭിച്ചു.
തിരുവനന്തപുരത്തും ഇയാള്‍ക്ക് ഹോട്ടല്‍ വ്യവസായം ഉണ്ടായിരുന്നു. പലയിടങ്ങളിലും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. നാടു ചുറ്റിനടന്ന ഇയാള്‍ക്ക് ബിസിനസില്‍ ശ്രദ്ധിക്കാന്‍ കഴിയാതെയായി. സ്ഥാപനങ്ങള്‍ ഓരോന്നായി പൂട്ടി. പുത്തന്‍കുരിശില്‍ ഉണ്ടായിരുന്ന പാത്രക്കട കെട്ടിട ഉടമക്കുതന്നെ നല്‍കേണ്ടിവന്നു. കോലഞ്ചേരിയില്‍ ഉണ്ടായിരുന്ന ദൈവസഹായം ഹോട്ടല്‍ ഇപ്പോള്‍ ജ്യോതി ആയി മാറി.
ഹരികുമാറിന്റെ അനിയനാണ് ഇപ്പോള്‍ ഹോട്ടല്‍ നടത്തുന്നത്. നാട്ടുകാര്‍ക്കിടയില്‍ ഹരിസ്വാമി എന്നറിയപ്പെട്ടിരുന്ന ഇയാള്‍ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ആയതൊന്നും ചെങ്ങരക്കാര്‍ അറിഞ്ഞില്ല. വല്ലപ്പോഴും മാത്രം ചെങ്ങരയില്‍ എത്തിയിരുന്ന ഇയാള്‍ നാട്ടുകാരുമായി അകലം പാലിച്ചു. ഒരു സന്ന്യാസി എന്ന നിലയില്‍ ഇയാളെ നാട്ടുകാര്‍ ഒരിക്കല്‍പ്പോലും കണ്ടിരുന്നില്ല. ഒരു ബിസിനസുകാരന്‍ മാത്രമായിരുന്നു അവര്‍ക്കെന്നും ഹരികുമാര്‍.
















