ആലപ്പുഴ: സത്യസന്ധമായി കാര്യങ്ങള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍. ഡിജിപി സെന്‍കുമാര്‍, ദേവികുളം ആര്‍ഡിഒ ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരുടെ വിഷയങ്ങളിലെ സര്‍ക്കാര്‍ സമീപനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്ഇയു സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. സെമിനാറുകള്‍ മന്ത്രി ജി. സുധാകരനും അഡ്വ. എ. ജയശങ്കറും ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് മന്ത്രിമാര്‍ വകുപ്പുകളെ സ്വന്തം സാമ്രാജ്യമാക്കി മാറ്റിയിരിക്കുകയാണെന്നും മന്ത്രിസഭയ്‌ക്ക് കൂട്ടുത്തരവാദിത്വമില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
















