ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് വെച്ച് തകര്‍ക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം നല്‍കിയ വയോധികനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. ആക്രിസാധനങ്ങള്‍ പെറുക്കി വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന ആലുവ പുതുക്കാട് കരുമാലൂര്‍ തട്ടാന്‍പടി വെളിപറമ്പുവീട്ടില്‍ ബാലന്‍ (65) എന്ന ജോസഫിനേയാണ് ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ പി.എ. ശിവദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടില്‍ നിന്ന് അറസ്റ്റുചെയ്തത്.
രാജീവ്ഗാന്ധിയെ വധിച്ചതിന് സമമായി സ്ത്രീകളെ ഉപയോഗിച്ച് ചാവേര്‍ സ്‌ഫോടനം നടത്തി ഗുരുവായൂര്‍ ക്ഷേത്രം തകര്‍ക്കുമെന്നായിരുന്നു, ഇന്നലെ രാവിലെ എട്ടുമണിയോടെ ക്ഷേത്രത്തിലേക്ക് അജ്ഞാത ഫോണ്‍സന്ദേശം ലഭിച്ചത്. മാനേജര്‍ ഈ വിവരം ക്ഷേത്രം ഭരണാധികാരികളെ അറിയിച്ചതിനേതുടര്‍ന്ന് ക്ഷേത്രം അധികാരികള്‍ പോലീസില്‍ പരാതിപ്പെട്ടു. ഉടന്‍ ക്ഷേത്രത്തിലും, ക്ഷേത്രപരിസരത്തും പോലീസ് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങി വന്‍ സുരക്ഷാക്രമീകരണങ്ങളൊരുക്കി. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളേയും, ക്ഷേത്രം ഭരണാധികാരികളേയും, പോലീസിനേയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ ഫോണ്‍സന്ദശം നല്‍കിയ പ്രതിയെ, സൈബര്‍ സെല്ലിന്റെ സഹായത്തോടേയാണ് ഇന്നലെ ആലുവയിലെ പുതുക്കാടുള്ള വീട്ടില്‍ നിന്ന് പിടികൂടിയത്.
ഇത്തരത്തില്‍ ഫോണ്‍ സന്ദേശം നല്‍കാന്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്ന് പ്രതി പോലീസിനോട് പറഞ്ഞു. രണ്ടുവര്‍ഷംമുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ലഭിച്ച ദേവസ്വം കിറ്റിലുള്ള നമ്പര്‍ കണ്ടപ്പോഴാണ് ഫോണ്‍ ചെയ്യണമെന്ന് തോന്നിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പുന്നപ്രയിലുള്ള സഹോദരപുത്രന്‍ സന്തോഷ് രാമചന്ദ്രന്റെതാണ് സിം കാര്‍ഡ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ബാലനായിരുന്നു ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത്.
















