കണ്ണൂര്‍: പതിറ്റാണ്ടിനിപ്പുറം അരങ്ങുകളില്‍ നിന്ന് അപ്രത്യക്ഷമായ നൃത്തയിനമായ അഷ്ടപദിയാട്ടം നാലു പതിറ്റാണ്ടിനിപ്പുറം കണ്ണൂരില്‍ പുനര്‍ജനിക്കുന്നു. കണ്ണൂരിലെ സാമൂഹ്യമണ്ഡലത്തില്‍ നിറസാന്നിധ്യമായ മാധവറാവുസിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് പുതുതലമുറയിലെ നൃത്താസ്വാദകരെ സംബന്ധിച്ച് കേട്ടറിവു മാത്രമുള്ള ഈ നൃത്തരൂപത്തെ വീണ്ടും അരങ്ങിലെത്തിക്കുന്നത്. ട്രസ്റ്റിന്റെ പതിനഞ്ചാം വാര്ഷികത്തോടും മാധവറാവുസിന്ധ്യ സാംസ്കാരികവേദിയുടെ ഏഴാം വാര്‍ഷികത്തോടുമനുബന്ധിച്ച് 23ന് വൈകുന്നേരം 5.30ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് അഷ്ടപദിയാട്ടം നടക്കുകയെന്ന് ട്രസ്റ്റ് ചെയര്മാന് കെ.പ്രമോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ സീതാലക്ഷ്മി അറുപതുകളില്‍ അവതരിപ്പിച്ച അഷ്ടപദിയാട്ടത്തെ വീണ്ടും വേദിയില്‍ അവതരിപ്പിക്കുന്നത് പ്രമുഖ മോഹിനിയാട്ടം നര്‍ത്തകിയും നൃത്തഗവേഷകയുമായ കലാമണ്ഡലം ഷീബാ കൃഷ്ണകുമാറാണ്. പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ നൃത്തസംവിധാനം നിര്‍വഹിക്കുന്ന അഷ്ടപദിയാട്ടത്തിന്റെ ആട്ടം ചിട്ടപ്പെടുത്തിയത് പ്രൊഫ.കരിമ്പുഴ രാമകൃഷ്ണനാണ്.
വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്കാരിക സദസ് മുന്‍കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റിന്റെ നവീകരിച്ച വെബ്സൈറ്റ് ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. ചിത്രോല്സവ വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസി സി പ്രസിഡണ്ട് സതീശന് പാച്ചേനി നിര്‍വഹിക്കും. നാടിന്റെ സാംസ്കാരിക യശസുയര്‍ത്തിയ മഹാപ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. പദ്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, പദ്മശ്രീ മീനാക്ഷിയമ്മ, ഡോ.പുനലൂര്‍ പ്രഭാകരന്, കണ്ണൂര്‍ സീതാലക്ഷ്മി, കലാമണ്ഡലം ലീലാമണി എന്നിവരേയാണ് മാധവറാവുസിന്ധ്യ ട്രസ്റ്റ് ആദരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ.ഡി. മുഴുപ്പിലങ്ങാട്, ഒ.നാരായണന്, ഷീബാ കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: