2003 ല്‍ അന്നത്തെ ഇടുക്കി ജില്ലാ കളക്ടര്‍ രാജേന്ദ്രന്റെ കൈയേറ്റ ഭൂമിയെക്കുറിച്ച് അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഇറക്കിയ ഉത്തരവ്
ഇടുക്കി: മൂന്നാറിലെ കൈയേറ്റക്കാരുടെയും അധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നവരുടെയും പട്ടികയില്‍ നിന്ന് എസ്. രാജേന്ദ്രന്‍ എംഎല്‍എയെ റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിവാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണിതെന്ന് വിവരം.
എസ്. രാജേന്ദ്രന്‍ കൈയേറ്റ ഭൂമിയിലാണ് വീട് വച്ചിരിക്കുന്നതെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. രാജേന്ദ്രന്റെ പട്ടയത്തില്‍ അന്വേഷണം നടക്കുന്നു. ഈ സാഹചര്യം നിലനിന്നിട്ടും ജില്ലാ ഭരണകൂടം തയാറാക്കിയ ലിസ്റ്റില്‍ നിന്ന് രാജേന്ദ്രനെ ഒഴിവാക്കി. 154 പേരാണ് ദേവികുളം-ഉടുമ്പന്‍ചോല താലൂക്കുകളില്‍ കൈയേറ്റക്കാരായുള്ളത്. 330 അനധികൃത നിര്‍മ്മാണങ്ങള്‍ മൂന്നാര്‍ മേഖലയിലുണ്ട്. ഈ ലിസ്റ്റുകളില്‍ രാജേന്ദ്രനെ ഉള്‍പ്പെടുത്താത്തതാണ് വിവാദമായത്. രാജേന്ദ്രന്റെ ഭൂമിയെക്കുറിച്ച് വര്‍ഷങ്ങളായി റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.
രാജേന്ദ്രന്‍ 2003ല്‍ ഭൂമി കൈയേറിയെന്ന് കാട്ടി കെഎസ്ഇബി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിനോട് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. അന്ന് രാജേന്ദ്രന്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കെഎസ്ഇബി അധികൃതരുടെ കത്ത് പ്രകാരം അന്വേഷണം നടത്താനുള്ള ചുമതല ദേവികുളം തഹസീല്‍ദാറെ ഏല്‍പ്പിച്ചിട്ടും കൃത്യമായ അന്വേഷണമില്ല.
















