തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നു നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരുന്ന പെര്‍മിറ്റുള്ള വാഹനങ്ങള്‍ തടയരുതെന്ന് കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ പറഞ്ഞു. സി. കൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി.
സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനം നടത്തുന്നതിന് ജില്ലാ കളക്ടര്‍ അധ്യക്ഷനായ പാരിസ്ഥിതിക ആഘാത അതോറിറ്റിയുടെ അനുമതി വേണം. ഈ നിയമം വന്നതോടെ പല അനധികൃത ക്വാറികളും അടച്ചുപൂട്ടി. ഇതുമൂലം നിര്‍മ്മാണമേഖലയില്‍ പ്രതിസന്ധി ഉണ്ടായി. മെറ്റലിനും എം സാന്‍ഡിനും സിമന്റിനും വില വര്‍ദ്ധിച്ചു. പാരിസ്ഥിതിക അനുമതി അപേക്ഷകളില്‍ 60 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡാമുകളില്‍ നിന്ന് അനുവദനീയമായ രീതിയില്‍ നീക്കം ചെയ്യാവുന്ന മണല്‍ സംഭരിച്ച് വിതരണം ചെയ്യും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുവരാനാവില്ല. എന്നാല്‍ പെര്‍മിറ്റുള്ള വാഹനങ്ങള്‍ തടയുന്ന പ്രവണതയുണ്ട്. ഇത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
















