ആലപ്പുഴ: വ്യവസായ-വാണിജ്യ വിഭാഗത്തിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇന്നലെ ഉല്ലാസയാത്രക്ക് പോയി. ആതിഥേയ ജില്ലയായ ആലപ്പുഴയിലെ ആഫീസില്‍ ഫോണ്‍ എടുക്കാന്‍ പോലും ആളുണ്ടായില്ലെന്ന് പരാതി. കാര്യസാധ്യത്തിനുള്ള ഉപകാരസ്മരണയായി ഒരു വ്യവസായി സ്‌പോണ്‍സര്‍ ചെയ്തതാണ് ഹൗസ് ബോട്ടിലെ ഉല്ലാസ യാത്ര. സംസ്ഥാനത്തെ മുഴുവന്‍ ആഫീസും ഇന്നലെ അവധിയുടെ പ്രതീതിയായിരുന്നു.
വികാസ് ഭവനിലെ വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിലെ ജീവനക്കാരുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ആഫീസുകളിലേയും ജീവനക്കാരും യാത്രയില്‍ പങ്കെടുത്തു. ഡയറക്ടര്‍ സി.എം.ഫ്രാന്‍സിസിന്റെ നേത്യത്വത്തിലായിരുന്നു യാത്ര. അസി.ഡയറക്ടര്‍മാരായ ബി.രമേശ്, എസ്. സുരേഷ്, ജോ.ഡയറക്ടര്‍മാരായ എസ്. സുരേഷ്‌കുമാര്‍, കെ.ബി അനില്‍കുമാറും സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ജനറല്‍ മാനേജര്‍മാരും യാത്രയില്‍ ഉണ്ടായിരുന്നു. ഒരു ജില്ലാ വ്യവസായ ആഫീസില്‍ ദിവസം അന്‍പതു മുതല്‍ ഇരുന്നൂറ് പേര്‍ വരെയാണ് വിവിധ ആവശ്യങ്ങള്‍ക്ക് എത്താറുള്ളത്. ജനറല്‍ മാനേജര്‍മാരുടെ അഭാവത്താല്‍ പലര്‍ക്കും നിരാശരായി മടങ്ങേണ്ടി വന്നു.
കഴിഞ്ഞ മാസം 18 ന് നിശ്ചയിച്ചിരുന്ന യാത്ര ഡയറക്ടറുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റിവെയ്‌ക്കുകയായിരുന്നു. ചിലര്‍ അവധിയെടുത്തും, ചിലര്‍ അവധി എടുക്കാതെ ഒപ്പിട്ടുമാണ് പോയതെന്നും ആക്ഷേപമുണ്ട്. ഇന്നലെ ജീല്ലാ വ്യവസായ ആഫീസുകളിലെത്തിയ പലര്‍ക്കും വെറുതെ മടങ്ങേണ്ടി വന്നു. നിയമസഭയില്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി കൊടുത്തിട്ടില്ലെന്ന് പരാതി നിലനില്‍ക്കേയാണ് കൂട്ടത്തോടെയുള്ള ഉല്ലാസയാത്ര.
















