കണ്ണൂര്‍: വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നും വീണ്മരിച്ച സംഭവത്തില്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ പത്തനംതിട്ട സ്വദേശി ഉല്ലാസ് മരിച്ച സംഭവത്തിലാണ് സഹയാത്രികനും സുഹൃത്തുമായ യുവാവിനെ കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് മാസം മുമ്പ് യാത്രക്കിടെ കണ്ണപുരത്തിനും പയ്യന്നൂരിനും ഇടക്ക് ഉല്ലാസ് ട്രെയ്നില്‍നിന്നും വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഉല്ലാസിനെ കൊല്ലം ആശ്രാമം സ്വദേശിയായ സുഹൃത്താണ് ആശുപത്രിയില്‍ എത്തിച്ചത്.
അബോധാവസ്ഥയിലായിരുന്ന ഉല്ലാസ് മരിച്ചതിനെ തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനായി കണ്ണപുരം പോലീസ് ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സഹകരിക്കാതെ ഒളിവില്‍ പോയതോടെയാണ് പോലീസിന് സംശയംതോന്നിയത്. തുടര്‍ന്ന് അന്വേഷണം കാര്യക്ഷമമാക്കിയതോടെ ഉല്ലാസിന്റെ വീട്ടുകാര്‍ക്കും സംശയമുണ്ടായി. തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കിയ കണ്ണപുരം പോലീസ് സംഭവത്തിന് ശേഷം ഗോവയിലേക്ക് കടന്ന യുവാവ് വീട്ടിലെത്തിയപ്പോള്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ കണ്ണൂരിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്താലേ സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് മനസ്സിലാക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: