മട്ടന്നൂര്‍: പണയത്തിലിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തുനല്‍കുന്ന സംഘത്തില്‍പെട്ട രണ്ടുപേരെ അക്രമിച്ച് പണംതട്ടിയെടുത്ത സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന നാലുപ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ഇവരെ കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. തില്ലങ്കേരി പടിക്കച്ചാല്‍ ഇയ്യമ്പോട് സ്വദേശികളായ ജെറി മനോഹര്‍ (26), ജിജീഷ് എന്ന കുട്ടന് (27), ലാലുമോന് (26) പള്ള്യത്തെ പി.വി.നിധീഷ് (27) എന്നിവരാണ് ഇന്നലെ മട്ടന്നൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യംചെയ്യാന്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ എസ്ഐ കോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് നാലുപേരെയും മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ പതിനൊന്ന് പ്രതികളുടെ പേരിലാണ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 1നാണ് പണയത്തിലിരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തുനല്‍കുന്ന സംഘത്തിലെ രണ്ടുപേരെ അക്രമിച്ച് പണം തട്ടിയെടുത്തത്. മട്ടന്നൂര്‍ ഇരിക്കൂര്‍ റൂട്ടില്‍ മരുതായി കള്ളുഷാപ്പിന് സമീപംവെച്ചായിരുന്നു സംഭവം. സംഭവത്തില്‍ ഡിവൈഎഫ്ഐ ഉളിയില്‍ മേഖലാ സെക്രട്ടറി നടുവനാട് നെടിയാഞ്ഞിരത്തെ പി.പി.മനോജ്, മമ്പറം പൊയിനാട് കരുവാരത്ത് വീട്ടില്‍ എം.ഫര്‍ഷാദ് കീച്ചേരിയിലെ ബൈത്തുല്‍ റഹ്മയില്‍ സൗനുദ്ദീന്, നടുവനാട് ചാളക്കണ്ടിയിലെ ഷാനവാസ്, കെ.അനീഷ് തുടങ്ങിയ ഏഴുപെരെയാണ് നേരത്തെ പോലീസ് പിടികൂടിയത്. മറ്റ് പ്രതികള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടയിലാണ് സംഘം കോടതിയില്‍ കീഴടങ്ങിയത്. പിടിയിലായവരെല്ലാംതന്നെ സിപിഎം ക്രിമിനല്സംഘത്തില്പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: