കാളിദാ .. ദൗത്യം വിജയകരമായി പൂർത്തിയായാൽ അങ്ങ് മടങ്ങിപ്പോകുമെന്നല്ലേ പറഞ്ഞത് . ദയവായി അങ്ങയുടെ കയ്യിലുള്ള സയനൈഡ് കൂടി എനിക്ക് തരൂ .. ഞാൻ വേഗം മരണത്തെ പുൽകട്ടെ ..
പഹർത്തലിയിലെ യൂറോപ്യൻ ക്ലബ്ബ് ആക്രമണത്തിൽ മുറിവേറ്റ ആ സിംഹിണിയുടെ ധീരത സ്ഫുരിക്കുന്ന മുഖത്തേക്ക് കാളി കിങ്കർ ദേ നിർന്നിമേഷനായി നോക്കി. അവരുടെ നെഞ്ചിലേറ്റ മുറിവിൽ നിന്ന് അപ്പോഴും ചോര ഒഴുകുകയായിരുന്നു. പരിക്ഷീണയാണെങ്കിലും സായുധ സ്വാതന്ത്ര്യ സമരത്തിൽ നേരിട്ട് പങ്കെടുക്കണമെന്ന തന്റെ സ്വപ്നം സാധിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തി ആ ഇരുപത്തൊന്നുകാരിയുടെ മുഖത്ത് കാളി കിങ്കർ ദേയ്ക്ക് കാണാൻ കഴിയുമായിരുന്നു.
അവൾ വീണ്ടും അപേക്ഷിച്ചു . “കാളി ദാ അങ്ങ് തിരിച്ചു പോകൂ. പക്ഷേ കൈവശമുള്ള സയനൈഡ് എനിക്ക് തരൂ ” പിന്നെ കാളിദാ ഒട്ടും അമാന്തിച്ചില്ല. തന്റെ പക്കലുണ്ടായിരുന്ന സയനൈഡ് കൂടി കാളി ദാ ആ യുവതിയുടെ വായിലേക്ക് ഒഴിച്ചു കൊടുത്തു . ഝാൻസിറാണിക്ക് ശേഷം ഒരു പക്ഷേ സായുധ സമരത്തിൽ നേരിട്ട് പങ്കെടുത്ത് ബലിദാനം ചെയ്ത ആദ്യ വനിതയെന്ന് നമുക്കവരെ വിശേഷിപ്പിക്കാൻ കഴിഞ്ഞേക്കും – പ്രിതിലത വഡ്ഡേദാർ.
സൂര്യസെന്നിന്റെ നേതൃത്വത്തിൽ നിർമ്മൽ സെന്നും താരകേശ്വർ ദസ്തിദാറും രാമകൃഷ്ണാ ബിശ്വാസും നേതൃത്വം നൽകിയ പ്രസിദ്ധമായ ചിറ്റഗോംഗ് സംഘത്തിലെ അംഗമായിരുന്നു പ്രിതിലത വഡ്ഡേദാർ . 1911 മേയ് 5 ന് ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ ചിറ്റഗോംഗിലെ ദൽഘട്ട് ഗ്രാമത്തിലാണ് പ്രിതിലത ജനിച്ചത്. ഝാൻസി റാണി ലക്ഷ്മീഭായിയുടെ വീരകഥകൾ കേട്ടു വളർന്ന ബാല്യമായിരുന്നു അവളുടേത് . സ്വാതന്ത്ര്യ ബലിത്തീയിൽ സ്വയം ആഹുതി ചെയ്യാൻ അവൾക്ക് ആദ്യ പ്രേരണ നൽകിയതും ഈ വീരകഥകൾ തന്നെ ആയിരിക്കണം . പഠിക്കാൻ മിടുക്കിയായിരുന്ന പ്രിതിലത സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ധാക്കയിലെ ഏദൻ കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ തത്വശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ചിറ്റ്അഗോങ്ങിലെ ഇംഗ്ലീഷ് മീദിയം സ്കൂളിൽ അദ്ധ്യാപികയായ അവർ പിന്നീട് ആ സ്കൂളിലെ പ്രധാന അദ്ധ്യാപികയുമായി.
ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയെന്ന് പേരിട്ട സംഘത്തിന്റെ ഉജ്ജ്വല പോരാട്ടങ്ങൾക്ക് കിഴക്കൻ ബംഗാൾ സാക്ഷ്യം വഹിച്ചിരുന്നു . ചിറ്റഗോംഗ് ആയുധപ്പുര ആക്രമണം, ജലാലാബാദ് പോരാട്ടം, ചന്ദർ നാഗോർ ഏറ്റുമുട്ടൽ തുടങ്ങിയ വിപ്ലവ പോരാട്ടങ്ങളിലൂടെ ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി യുവഹൃദയത്തിൽ തീ കോരിയിട്ട കാലമായിരുന്നു അത്.
മാതൃഭൂമിക്ക് വേണ്ടി ആത്മബലി ചെയ്യാൻ ഞാൻ മുമ്പേ എന്ന പ്രഖ്യാപനത്തോടെ യുവാക്കൾ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായി . സഹന സമരത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്ക് പങ്കെടുക്കാമെങ്കിൽ സായുധ സമരത്തിലും അത് സാദ്ധ്യമാകുമെന്ന് ഉറച്ച് വിശ്വസിച്ച പ്രിതിലത അങ്ങനെ സൂര്യസെൻ നേതൃത്വം നൽകുന്ന ചിറ്റഗോംഗ് സംഘത്തിൽ അംഗമായി . അവരോടൊപ്പം നിരവധി സ്ത്രീകളും സംഘത്തിൽ അംഗമായി.
സായുധ പോരാട്ടങ്ങളിൽ പങ്കെടുക്കാനുള്ള മനക്കട്ടി ഉണ്ടോയെന്ന് പരിശോധിക്കാൻ ഒരിക്കൽ ഒരാടിനെ കശാപ്പ് ചെയ്യാനാകുമോ എന്ന് സഹ പ്രവർത്തകർ പ്രിതിലതയോട് ചോദിച്ചു . ഒരു നിരുപദ്രവകാരിയായ ജീവിയെ കൊലചെയ്യാൻ ഭയമൊന്നുമില്ലെങ്കിലും തന്നെക്കൊണ്ടതിന് കഴിയില്ലെന്ന് അവൾ പറഞ്ഞു. പിന്നെ എങ്ങനെയാണ് നിങ്ങൾ സായുധ കലാപകാരിയാകുന്നതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ അവൾക്ക് കഴിഞ്ഞു.
” രാജ്യത്തിന്റെ വിമോചനത്തിനു വേണ്ടി എന്റെ ജീവൻ ഞാൻ ബലിയർപ്പിക്കും . ആവശ്യമായി വന്നാൽ മറ്റൊരാളുടെ ജീവനും ഞാനെടുത്തേക്കും . എന്നാൽ ഒരു നിരുപദ്രവകാരിയായ മൃഗത്തെ അതേ പോലെ കൊല്ലാൻ എനിക്കാവില്ല ”
ഇന്ത്യൻ പട്ടികൾക്ക് പ്രവേശനമില്ലെന്ന ബോർഡ് തൂക്കിയിട്ടുള്ള കുപ്രസിദ്ധമായ പഹർത്തലി യൂറോപ്യൻ ക്ലബ്ബിനു നേരേ ആക്രമണം നടത്തുന്ന സംഘത്തിന് നേതൃത്വം നൽകാൻ സൂര്യസെൻ തെരഞ്ഞെടുത്തത് പ്രിതിലതയെയായിരുന്നു . കാളി കിങ്കർ ദേ, സുശീൽ ദേ, പ്രഭുല്ല ദാസ്, ബീരേശ്വർ റോയ് , ശാന്തി ചക്രവർത്തി, പന്ന സെൻ, മഹേന്ദ്ര ചൗധരി എന്നിവരോടൊപ്പം 1932 സെപ്റ്റംബർ 24 ( സെപ്റ്റംബർ 23 എന്നും വാദമുണ്ട് ) ന് രാത്രി 10 .45 ന് പ്രിതിലത പഹർത്തലി ക്ലബ്ബിൽ പ്രവേശിച്ചു.
ക്ലബ്ബിൽ ചീട്ടു കളിക്കുകയായിരുന്ന വെള്ളകാർക്കെതിരെ തുരുതുരാ നിറയൊഴിച്ചു. നിരവധി ഓഫീസർമാർക്ക് പരിക്കു പറ്റി ഇൻസ്പെക്ടർമാരും സാർജന്റുമൊക്കെ വെടിയേറ്റവരിൽ പെടും. വെടിവെപ്പാരംഭിച്ചതോടെ വിപ്ലവത്തിന്റെ ലഘുലേഖകളുമായി മറ്റ് നാലുപേർ പട്ടണത്തിലേക്ക് പോയി വിതരണം തുടങ്ങി. ആക്രമണത്തിനൊപ്പം പ്രചാരണവും എന്ന സായുധ സമര തന്ത്രം അവർ നടപ്പാക്കി.
പഹർത്തലി ക്ലബ്ബിൽ വച്ച് ഒരു യൂറോപ്യന്റെ വെടിയുണ്ട പ്രിതിലതയുടെ നെഞ്ചിൽ മുറിവേൽപ്പിച്ചു . ആക്രമണം വിജയകരമായാൽ ഉടൻ തന്നെ രക്തസാക്ഷിത്വം വരിക്കാൻ അവൾ തീരുമാനിച്ചിരുന്നു . ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാൻ അവൾ ആഗ്രഹിച്ചതുമില്ല . അങ്ങനെ കയ്യിൽ കരുതിയിരുന്ന സയനൈഡും സഹപ്രവർത്തകനായ കാളി കിങ്കർ ദേയുടെ കയ്യിലുണ്ടായിരുന്ന സയനൈഡും കഴിച്ച് അവൾ ആത്മാഹുതി ചെയ്തു.
പ്രിതിലതയുടെ ശരീരത്തിൽ നിന്ന് ബ്രിട്ടീഷ് പട്ടാളം പിടിച്ചെടുത്ത ലഘുലേഖ ഇങ്ങനെയാണ് അവസാനിച്ചത്. ” രാജ്യത്തിനു വേണ്ടിയുള്ള സമരത്തിൽ പുരുഷന്മാരും സ്തീകളും തമ്മിൽ ഒരു വേർ തിരിവിന്റെ ആവശ്യമെന്താണ് ? സഹോദരിമാർ എന്തുകൊണ്ട് ഈ സമരത്തിൽ പങ്കെടുത്തു കൂടാ ? . രജപുത്രവനിതകളെ സംബന്ധിച്ച വിശുദ്ധമായ ഓർമ്മകളിൽ അവർ ധീരതയോടെ യുദ്ധം ചെയ്യുകയും ശത്രുക്കളെ കൊല്ലുകയും ചെയ്തിട്ടുണ്ട് .
ചരിത്രത്താളുകളിൽ ഇത്തരം ആരാദ്ധ്യരായ വനിതകളുടെ വീരസാഹസിക കഥകൾ നിറഞ്ഞിരിക്കുന്നു. എങ്കിൽ നാം ആധുനിക ഭാരതീയ വനിതകൾ സായുധ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ നിന്ന് എന്തിന് മാറി നിൽക്കണം? ഇനി മേൽ അങ്ങനെ മാറി നിൽക്കുകയില്ലെന്നും എത്ര തന്നെ അപകടം പിടിച്ച കാര്യമാണെങ്കിലും സഹോദരന്മാരോട് തോളോട് തോൾ ചേർന്നു നിൽക്കുമെന്നും സ്ത്രീകൾ പ്രതിജ്ഞയെടുത്തിരിക്കുന്നു.
സഹോദരിമാർ സ്വയം ദുർബ്ബലരായി കണാക്കാക്കുകയില്ലെന്നും ഏത് ക്ലേശങ്ങളേയും അപകട സന്ധികളേയും അഭിമുഖീകരിക്കാൻ തയ്യാറായിരിക്കുമെന്നും വിപ്ലവ പ്രവർത്തനങ്ങളിൽ ആയിരങ്ങളായി അണി നിരക്കുമെന്നും ഞാൻ ആത്മാർത്ഥമായി പ്രത്യാശിക്കുന്നു “. 1932 സെപ്റ്റംബറിൽ പഹർത്തലിയിൽ പൊലിഞ്ഞ ആ അഗ്നിനക്ഷത്രം ഭാരതീയ യുവത്വത്തിന് സമ്മാനിച്ചത് ധീരോദാത്തമായ സന്ദേശങ്ങളായിരുന്നു . മറവിക്കാരുടെ രാഷ്ട്രമായ നാം അതൊക്കെ മറന്നു കളഞ്ഞു എന്നതാണ് സത്യം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സായുധ പോരാട്ടത്തിന് നേതൃത്വം നൽകി രക്തസാക്ഷികളായ നിരവധി ധീരദേശാഭിമാനികൾക്കൊപ്പം ഉയർന്നു കേൾക്കേണ്ട, ഉയരങ്ങളിൽ ആലേഖനം ചെയ്യപ്പെടേണ്ട പേരാണ് പ്രിതിലത വഡ്ഡേദാർ. അതെ ചിറ്റഗോങ്ങിലെ മിന്നൽ പിണർ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: