ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിയില്‍ മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി.ഗുപ്ത ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ദല്‍ഹി സിബിഐ കോടതി.
മധ്യപ്രദേശിലെ കല്‍ക്കരി പാടങ്ങള്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥനെ കുറ്റക്കാരനെന്ന് വിധിക്കുന്നത്. കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.
ഗുപ്തയെ കൂടാതെ കെ.എസ്.കോര്‍പ, കെ.സി.സംരിയ എന്നീ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തടയല്‍ എന്നീ വകുപ്പുകളനുസരിച്ചാണ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2006 മുതല്‍ 2008 വരെ കല്‍ക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. ഇക്കാലയളവില്‍ കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഏതാണ്ട് 40 കേസുകളില്‍ ഗുപ്തയും സംഘവും അനധികൃതമായി ഇടപെട്ടെന്നും കോടതി കണ്ടെത്തി. ശരിയായ രീതിയില്‍ ലേലം സംഘടിപ്പിക്കാതെ കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായും കോടതി കണ്ടെത്തി.
എന്നാല്‍ കല്‍ക്കരി പാടം അനുവദിക്കാനുള്ള അന്തിമ അനുമതി നല്‍കിയത് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗാണെന്നാണ് ഗുപ്തയുടെ വാദം. എന്നാല്‍ ഗുപ്തയുടെ വാദം കേസിനെ വഴി തെറ്റിക്കാനാണെന്ന സിബിഐയുടെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: