കണ്ണൂര്‍: സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം നാലിരട്ടിയായി വര്‍ധിച്ചതായി എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ശക്തിപ്പെടുത്തുമ്പോഴും ലഹരി പുതിയ വഴികള്‍ തേടുന്ന പ്രവണത കൂടുന്നുണ്ട്. ക്യാന്‍സര്‍ രോഗികള്‍ വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകള്‍ പോലും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപമാവുന്നു.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 1600 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം നാലുമാസത്തിനുള്ളില്‍ 570 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ ഏപ്രില്‍ വരെ സംസ്ഥാനത്ത് 1,37,000 റെയ്ഡുകളാണ് എക്സൈസ് വകുപ്പ് നടത്തിയത്. 25500 അബ്കാരി കേസെടുത്തതില്‍ 23,490 പേരെ ജയിലിലടച്ചു. 3908 ലഹരി ഉപയോഗ കേസുകളില്‍ 4332 പേരെ ജയിലിലടച്ചു. 300 ടണ്‍ ലഹരിവസ്തുക്കള്‍ നശിപ്പിച്ചു. 11കോടി രൂപയാണ് ഫൈന്‍ ഇനത്തില്‍ ലഭിച്ചത്. ചാരായം 4000 ലിറ്ററും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം 38,000 ലിറ്ററും അരിഷ്ടം 20,000 ലിറ്ററും വാഷ് 1,82,000 ലിറ്ററും ബിയര്‍ 6000 ലിറ്ററും കഞ്ചാവ് 865 കിലോയും കഞ്ചാവ് ചെടി 2299 കിലോയും പിടിച്ചെടുത്തു. 1553 വാഹനങ്ങള്‍ പിടിപ്പെടുത്തു.
എല്ലാ ജില്ലയിലും എക്സൈസ് ടവര്‍ സ്ഥാപിക്കാന്‍ വകുപ്പ് തുരുമാനിച്ചിട്ടുണ്ട്. നിലവില്‍ വയനാട്, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് എക്സൈസ് ടവറുള്ളത്. കൊല്ലത്ത് ടവറിന്റെ നടപടി പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമാന്റന്റ് ഓഫീസ്, നര്‍കോട്ടിക് സെല്‍, സിഐ ഓഫീസ് തുടങ്ങിയ അഞ്ചോളം ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്നതാവും ടവര്‍. ഇരിട്ടിയില്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അഞ്ച് സ്കാനിങ് മെഷീനുകളാണ് ഉള്ളത്. കൂടുതല്‍ മെഷീനുകള്‍ ആവശ്യമാണെങ്കിലും വാങ്ങാനുള്ള ഭീമമായ ചെലവാണ് തടസം സൃഷ്ടിക്കുന്നത്. പത്ത് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വകുപ്പില്‍ 138 വനിത ജീവനക്കാര്‍ക്ക് നിയമനം നല്കി പരിശീലനം നല്കി വരികയാണ്. 150 ഓളം പ്രിവന്റീവ് ഓഫീസര്‍മാര്‍ക്കും നിയമനം നല്കി. ഡെപ്യൂട്ടി കമീഷണര്‍ വി.വി.സുരേന്ദ്രന്, അസിസ്റ്റന്റ് കമീഷണര്‍ ചന്ദ്രപാലന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: