ബാലുശ്ശേരി: പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ധീരത പുഴയില്‍ മുങ്ങിയ കുടുംബത്തിലെ മൂന്ന് പേരുടെ ജീവന് രക്ഷിച്ചു. കോട്ടൂര്‍ പഞ്ചായത്തിലെ വാകയാട് പതിമൂന്നാം വാര്‍ഡിലെ തെക്കയില്‍ രാധ (52) മകള്‍ രാജുല (33) രാജുലയുടെ മകന് ആദിദേവ് (അഞ്ച്) എന്നിവരെയാണ് അയല്‍വാസിയായ പുതിയോട്ടില്‍ ചന്ദ്രന്റെ മകള്‍ വിസ്മയ (17) രക്ഷിച്ചത്. കഴിഞ്ഞ ഏപ്രില്‍ എട്ടിന് രാവിലെ എട്ടരയോടെയാണ് സംഭവം.
രാമന്‍പുഴയിലെ പടത്ത് കടവ് ഭാഗത്ത് നിന്നും തുണി അലക്കുകയായിരുന്നു രാധയും രാജുലയും. കല്ലില്‍ ഇരിക്കുകയായിരുന്ന ആദിദേവ് പുഴയിലേക്ക് വീഴുകയായിരുന്നു. ആദിദേവ് കയത്തില്‍ മുങ്ങുന്നത് കണ്ട് രാധയും പുഴയിലേക്ക് ചാടി. രാധയും മുങ്ങിയതോടെ ഇരുവരേയും രക്ഷിക്കാന്‍ രാജിലയും ചാടി മൂവരും മുങ്ങുന്നത് സമീപത്ത് നിന്നും കുളിക്കുകയായിരുന്ന വിസ്മയയും തെക്കയില്‍ നിഷയും മകള്‍ ആതിരയുമാണ് കാണുന്നത്. നീന്തി എത്തിയ വിസ്മസ അതി സാഹസികമായി മൂവരേയും പിടിച്ചുകയറ്റി. കായലും പായലും ഉള്ള പ്രദേശത്തായിരുന്നു അപകടം.
വാകയാട് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടുവിദ്യാര്‍ത്ഥിയാണ് നിര്‍ദ്ധന കുടുംബാംഗമായ വിസ്മയ. നടുവണ്ണൂരിലെ ഓട്ടോ ഡ്രൈവറായ ചന്ദ്രന്റേയും രമയുടേയും ഏകമകളാണ്. പിതാവിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് സര്‍ക്കാറില്‍ നിന്നും ലഭിച്ച രണ്ട് ലക്ഷം രൂപയും നാട്ടുകാരുടേയും മറ്റ് സംഘടനകളുടേയും സഹായത്തോടെയും ഒരു വീട് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കാരണം വീട് പണി പൂര്‍ത്തികരിക്കാനായിട്ടില്ല. മൂന്ന് പേരെ രക്ഷിച്ച വിവരം ഇതുവരെ പ്രദേശത്ത് ഒതുങ്ങിയെന്നല്ലാതെ പുറം ലോകം അറിഞ്ഞിരുന്നില്ല. വിസ്മയ കുടുംബശ്രീയും നവജോതി കുടുംബശ്രീയും വിസ്മയയെ അനുമോദിച്ചു. ജീവന് തിരിച്ചുകിട്ടിയ കുടുംബവും വിസ്മയക്ക് ഉപഹാരവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: