കോഴിക്കോട്: കേരളത്തിലെ, പ്രത്യേകിച്ച് മലയോര മേഖലകളില്‍ മതചിഹ്നങ്ങളുപയോഗിച്ച് കൈവശപ്പെടുത്തിയ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
ഹിന്ദു അവകാശ സംരക്ഷണ യാത്രയുടെ ഭാഗമായി കോഴിക്കോട്ടെവാര്ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഏത് മതചിഹ്നങ്ങളാണെങ്കിലും അത് ഭൂമി കയ്യേറുന്നതിനുള്ളതല്ല. ആരാധനാ കേന്ദ്രങ്ങളില്‍ നില്‍ക്കുമ്പോഴാണ് അതിന് അതിന്റേതായ പ്രാധാന്യമുള്ളത്.
കേരളത്തിലെ ഒരു വിഭാഗം പാര്‍പ്പിട, കൃഷി ഭൂമിക്ക് വേണ്ടിയുളള സമരത്തിലാണ്. മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ക്ക് ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായിട്ടില്ല. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും സ്വീകരിക്കുന്നത്. മൂന്നാറിലടക്കം കുരിശ് ഉപയോഗിച്ച് നടത്തിയ കയ്യേറ്റങ്ങളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഭൂപരിഷ്കരണം നടപ്പാക്കിയ സംസ്ഥാനത്ത് അതിന്റെ ഗുണവശം ഇന്നും അപ്രാപ്യമായിരിക്കുന്ന വലിയൊരു വിഭാഗമുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
സര്‍ക്കാര്‍ കയ്യടക്കിവെച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ ഭരണം ഭക്തജനങ്ങള്‍ക്ക് തിരിച്ചു നല്‍കണം. അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്വകാര്യ വ്യക്തികള്‍ ക്ഷേത്ര ഭൂമി കയ്യേറി കൈവശം വെച്ചിരിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. അന്യാധീനപ്പെട്ട മുഴുവന്‍ ക്ഷേത്രഭൂമിയും പിടിച്ചെടുക്കാനുള്ള കര്‍മ്മ പദ്ധതിക്ക് ഹിന്ദുഐക്യവേദി രൂപം നല്‍കുമെന്നും അവര്‍ അറിയിച്ചു. മെയ് 14 ന് കാസര്‍കോട് നിന്നാരംഭിച്ച യാത്ര 29 ന് തിരുവനന്തപുരത്ത് അവസാനിക്കുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. സെക്രട്ടേറിയറ്റിലേക്കുള്ള മാര്‍ച്ചോടുകൂടിയാണ് യാത്ര സമാപിക്കുക. 140 സമുദായ സംഘടനകളുടെ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ മായനാട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: