ന്യൂദല്‍ഹി: ജിഎസ്ടി നടപ്പാകുന്നതോടെ രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ വില വന്‍തോതില്‍ കുറയും. അവശ്യസാധനങ്ങളെല്ലാം ഏറ്റവും കുറഞ്ഞ നികുതി നിരക്കായ അഞ്ചു ശതമാനത്തിന് താഴേക്ക് ഉള്‍പ്പെടുത്തിയതോടെയാണിത്. പാലിനെയും ഭക്ഷ്യധാന്യങ്ങളെയും നികുതിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി.
ജിഎസ്ടി നികുതി നിരക്കിന് അന്തിമരൂപം നല്‍കുന്നതിനായി ജമ്മുവില്‍ കേന്ദ്രധനമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം. ജൂലൈ ഒന്ന് മുതല്‍ പുതിയ നികുതി നിരക്ക് നിലവില്‍ വരും.
1211 ഉല്‍പ്പന്നങ്ങളെയാണ് ചരക്കുസേവന നികുതിക്കു കീഴിലേക്ക് കൊണ്ടുവന്നത്. ഇതില്‍ ആറെണ്ണമൊഴിച്ച് മറ്റെല്ലാ ഉല്‍പ്പന്നങ്ങളുടേയും നികുതി നിരക്ക് തീരുമാനിച്ചതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 5, 12, 18, 28 എന്നിങ്ങനെ നാലു നികുതി നിരക്കുകളിലാണ് രാജ്യമാസകലം ഇനി മുതല്‍ ചരക്കുസേവനങ്ങള്‍ ലഭ്യമാകുക.
പതിനെട്ട് ശതമാനത്തില്‍ അധികം നികുതി നല്‍കേണ്ടിവരുന്നത് ആകെയുള്ള ഉല്‍പ്പന്നങ്ങളില്‍ വെറും 19 ശതമാനത്തിന് മാത്രമാണ്. ബാക്കിയുള്ള 81 ശതമാനം ഉല്‍പ്പന്നങ്ങളും അഞ്ചു മുതല്‍ 18 വരെയുള്ള മൂന്നു സ്ലാബുകളിലാണ് ഉള്‍പ്പെടുക. പഞ്ചസാര, തേയില, കാപ്പി, പാചക എണ്ണ എന്നിവയെ അഞ്ചു ശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തി. കല്‍ക്കരിയും അഞ്ചു ശതമാനത്തിലാണ്. എന്നാല്‍ ടണ്ണിന് 400 രൂപ പ്രത്യേക ലെവി നല്‍കണം. ഹെയര്‍ ഓയില്‍, സോപ്പ്, പേസ്റ്റ് എന്നിവയ്ക്ക് 18 ശതമാനമാണ് നികുതി.
ഏകീകൃത ചരക്കു സേവന നികുതി നടപ്പാകുന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കിക്കൊണ്ടിരുന്ന 16 ലെവികള്‍ ഇല്ലാതാകും. എക്സൈസ് ഡ്യൂട്ടി, സര്‍വ്വീസ് ടാക്സ്, വാറ്റ് അടക്കമുള്ള ഒന്‍പതോളം സംസ്ഥാന നികുതികള്‍ അപ്രത്യക്ഷമാകുന്നവയില്‍ പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: