ന്യൂദല്‍ഹി: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. അറുപതു വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ കുഴഞ്ഞുവീണ ദവെയെ ദല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സഹപ്രവര്‍ത്തകന്റെ വിയോഗം ലോകത്തെ അറിയിച്ചത്. ദല്‍ഹിയില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം പ്രത്യേക സൈനിക വിമാനത്തില്‍ വൈകിട്ടോടെ മധ്യപ്രദേശിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ പത്തിനാണ് സംസ്ക്കാര ചടങ്ങുകള്‍.
ഭോപ്പാലിന് സമീപം ഹൊസംഗബാദില് നര്‍മ്മദാ നദീതീരത്തുള്ള അദ്ദേഹത്തിന്റെ വസതിക്ക് സമീപത്താണ് ചിതയൊരുക്കുക. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത് അടക്കമുള്ള പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.
ന്യുമോണിയ ബാധയെ തുടര്‍ന്ന് ജനുവരി മുതല്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലും ദവെ പങ്കെടുത്തിരുന്നു. ജനിതകമാറ്റം വരുത്തിയ കടുകിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധക്കാരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയേയും കണ്ടിരുന്നു. ഇന്നലെ കോയമ്പത്തൂരിലേക്ക് പുറപ്പെടാനൊരുങ്ങവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് യാത്ര റദ്ദാക്കിയിരുന്നു.
1956 ജുലൈ 6ന് മധ്യപ്രദേശിലെ ഉജ്ജയിന്‍ സമീപം ബട്നഗറിലാണ് ദവെ ജനിച്ചത്. അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട് ജെ.പി പ്രസ്ഥാനവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. പിന്നീട് ആര്‍എസ്എസ് പ്രചാരകനായി. ദീര്‍ഘകാലം ഭോപ്പാല്‍ വിഭാഗ് പ്രചാരക് ആയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഉമാഭാരതിയുടെ സെക്രട്ടറിയായി. നര്‍മ്മദാ നദിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളിലൂടെ രാജ്യാന്തര പ്രശസ്തനായ പരിസ്ഥിതി പ്രവര്‍ത്തകനായി.
2009 മുതല്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ദവെ 2016 ജൂലൈയില്‍ വനം-പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. കേരളത്തിലേതുള്‍പ്പെടെ വിവിധവിഷയങ്ങൡ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന നിലപാടുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.
നര്‍മ്മദാ നദിയുടെ പുനരുജ്ജീവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അനില്‍ ദവെയുടെ നിര്യാണം വലിയ ശൂന്യതയാണെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു. സുഹൃത്തും ആദരണീയനായ സഹപ്രവര്‍ത്തകനുമായ ദവെയുടെ ആകസ്മിക ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ അതിശക്തമായ അഭിനിവേശം പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സമൂഹത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പൊതുസേവകനായിരുന്ന ദവെ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. കേന്ദ്രമന്ത്രിസഭായോഗവും ദവെയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
ദല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റു കേന്ദ്രമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യമെങ്ങും ഇന്നലെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി.
കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ദ്ധന് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: