ന്യൂദല്‍ഹി: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക്കിസ്ഥാന്റെ എല്ലാ വാദങ്ങളും പൊളിഞ്ഞപ്പോള്‍ കുല്ഭൂഷണ് ജാദവ് കേസില്‍ ഇന്ത്യക്ക് വന്‍ വിജയം. ജാദവിനെ തൂക്കിലേറ്റരുതെന്ന് പാക്കിസ്ഥാന് കോടതി നിര്‍ദേശം നല്കി.
ഇന്ത്യയുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനായ ജാദവിനെ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത പാക്കിസ്ഥാന് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വധശിക്ഷ അന്താരാഷ്ട്ര കോടതി ഇന്നലെ സ്റ്റേ ചെയ്തു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നര മണിക്കാണ് നെതര്ലഡ്സിലെ ഹേഗിലുള്ള അന്താരാഷ്ട്ര കോടതി ഹാളില്‍ പതിനൊന്ന് അംഗ ബെഞ്ചിന്റെ പ്സസിഡന്റ് റോണി എബ്രഹാം വിധി പ്രസ്താവിച്ചത്.
ഇന്ത്യ നല്കിയ അപ്പീല്‍ അംഗീകരിച്ച പതിനൊന്നംഗ ബെഞ്ച് പാക്കിസ്ഥാന്റെ വാദങ്ങളെല്ലാം തള്ളിയത് ഏകകണ്ഠമായി. വിയന്ന ഉച്ചകോടിയുടെ നിബന്ധനങ്ങള്‍ പാക്കിസ്ഥാന് പൂര്‍ണമായി ലംഘിച്ചെന്ന് വിധിയില്‍ പറയുന്നു.
കേസില്‍ അന്തിമ വിധി പറയുന്നതു വരെ ജാദവിന്റെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ പാക്കിസ്ഥാന് ഉറപ്പു നല്‍കണം. കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള എല്ലാ നടപടികളും അറിയിക്കാനും പാക്കിസ്ഥാനു നിര്‍ദേശം നല്കി.
കേസില്‍ ഇടപെടാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ല എന്ന പാക്കിസ്ഥാന്റെ വാദം തള്ളിയപ്പോള്‍ത്തന്നെ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കു വരികയാണെന്നുറപ്പായിരുന്നു.
മുന്‍വിധിയോടെയാണ് പാക്കിസ്ഥാന് ഈ പ്രശ്നത്തെ സമീപിച്ചത്. സ്വന്തം പൗരന്റെ ജീവന്റെ കാര്യത്തിലുള്ള ഇന്ത്യയുടെ ആശങ്ക മനസ്സിലാക്കുന്നു. ശിക്ഷ വിധിച്ചതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി ഇന്ത്യയെ പാക്കിസ്ഥാന് അറിയിച്ചില്ല. ജാദവിനെ കാണാനും വിവരങ്ങള്‍ ആരായാനുമുള്ള അവകാശവും ഇന്ത്യക്കുണ്ട്, ഉത്തരവില്‍ പറയുന്നു.
ഇന്ത്യക്കു വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെയാണ് വാദിച്ചത്.
വിയന്ന കരാറിന്റെ മുപ്പത്താറാം വകുപ്പ് പാക്കിസ്ഥാന് ലംഘിച്ചു എന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. ജാദവിനെ കാണാന്‍ ഇന്ത്യയുടെ പ്രതിനിധിയെ അനുവദിക്കേണ്ടതായിരുന്നു. ജാദവിനു നിയമ സഹായം അനുവദിക്കാതിരുന്ന പാക്കിസ്ഥാന്റെ നടപടി അംഗീകരിക്കാനാവില്ല. വിയന്ന കരാറിന്റെ ലംഘനമാണിത്, കോടതി വിലയിരുത്തി.
2016 മാര്‍ച്ചിലാണ് ജാദവിനെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണെന്നും ബലൂചിസ്ഥാന്‍ കേന്ദ്രീകരിച്ച് ചാരപ്രവര്‍ത്തനം നടത്തുകയാണെന്നും ആരോപിച്ചാണ് വധശിക്ഷയ്ക്കു വിധിച്ചത്. ജാദവിന്റെ കുറ്റസമ്മത വീഡിയോ ഹാജരാക്കാം എന്നു പാക്കിസ്ഥാനു വേണ്ടി ഹാജരായ ഖവാര്‍ ഖുറേഷി അറിയിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ കാണേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചതും പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു. മെയ് എട്ടിനാണ് ഇന്ത്യ അപ്പീല്‍ നല്‍കിയത്.
വിധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംതൃപ്തി പ്രകടിപ്പിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും ഇന്ത്യക്കു വേണ്ടി വാദിച്ച ഹരീഷ് സാല്‍വെ അടക്കമുള്ള അഭിഭാഷകരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
1999ല്‍ ഇരു രാജ്യങ്ങളും അന്താരാഷ്ട്ര കോടതിയില്‍ നേര്‍ക്കു നേര് വന്നപ്പോഴും വിജയം ഇന്ത്യക്കായിരുന്നു. യുദ്ധവിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തിയെന്ന് ആരോപിച്ച് പാക്കിസാഥാനാണ് അന്ന് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: