അഹമ്മദാബാദ്: ഗുജറാത്ത് ഗോസേവ, ഗൗച്ചർ വികാസ് ബോർഡ് (ജി.ജി.ജി.വി.ബി) എന്നിവയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ പശുക്കളിൽ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ജിപിഎസ് ഉള്‍പ്പെടുത്തിയ മൈക്രോചിപ്പുകള്‍ പശുക്കളുടെ തലയില്‍ സ്ഥാപിക്കും.
ആദ്യഘട്ടത്തിൽ 50,000 പശുക്കളിലാണ് ചിപ്പ് ഘടിപ്പിക്കുന്നത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസുകൾ (ആർ എഫ് ഐ ഡി) ഉപയോഗിച്ച് ചിപ്പ് ടാഗ് ചെയ്യപ്പെടും. പശുക്കളുടെ പ്രായം, ബ്രീഡ്, പാലുത്പാദനം, ഉടമയുടെ പേര് തുടങ്ങിയ വിവരങ്ങൾ മൈക്രോചിപ്പ് സൂക്ഷിക്കുമെന്ന് പശു ബോർഡ് ചെയർമാൻ ഡോ. വല്ലഭ് കതിരിയ പറഞ്ഞു. ഈ ഉപകരണത്തിൽ പശുവിന്റെ തിരിച്ചറിയൽ നമ്പർ, ജനനത്തീയതി, ആരോഗ്യ രേഖകൾ, മൈഗ്രേഷൻ സ്റ്റാറ്റസ് എന്നിവയും ഉൾപ്പെടും.
കന്നുകാലികളെ തട്ടിക്കൊണ്ടു പോകുന്നതും കശാപ്പ് ചെയ്യപ്പെടുന്നതുമായ പ്രശ്‌നങ്ങള്‍ക്ക് ഇതുവഴി പരിഹാരം ഉണ്ടാകുമെന്ന് ഡോ.വല്ലഭ് പറയുന്നു. പശുസംരക്ഷണത്തിന് സാങ്കേതികവിദ്യകള്‍ നേരത്തേയും ഗുജറാത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. പശുക്കളെ വണ്ടി തട്ടാതിരിക്കാനായി ‘പശു സെന്‍സര്‍’ ഗുജറാത്തിലെ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചിരുന്നു. 80 ശതമാനം കൃത്യത അവകാശപ്പെടുന്ന ഈ സെന്‍സര്‍, പശുക്കള്‍ വാഹനത്തിന് മുന്‍പിലെത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കുകയും, അത് വഴി വാഹനം ബ്രേക്ക് ചെയ്ത് പശുവിനെ രക്ഷിക്കാമെന്നുമായിരുന്നു ഈ കണ്ടുപിടിത്തം.
















