ന്യൂദല്‍ഹി: ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള റെയിൽവെ സ്റ്റേഷൻ എന്ന പദവി ഇനി വിശാഖ പട്ടണത്തിന് സ്വന്തം. രാജ്യത്തെ തിരക്കേറിയ 407 റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ക്വാളിറ്റി കൗണ്‍ട്രോള്‍ ഓഫ് ഇന്ത്യയും വ്യവസായ നയരൂപീകരണ ബോര്‍ഡും ചേർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
തെലങ്കാന രണ്ടാം സ്ഥാനത്തും, ജമ്മു കശ്മീരിലെ ജമ്മുതാവി റെയില്‍വേ സറ്റേഷന്‍ മൂന്നാം സ്ഥാനത്തുമാണ് ഇടം പിടിച്ചിരിക്കുന്നത്. ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷന് പട്ടികയില്‍ 39-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു. ബിഹാറിലെ ദര്‍ബാങ്കയാണ് ഏറ്റവും മോശം റെയില്‍വേ സ്റ്റേഷന്‍.
രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചായിരുന്നു സര്‍വേ. വാര്‍ഷിക വരുമാനം 50 കോടിക്ക് മുകളിലുള്ളവയെ എ1 വിഭാഗത്തിലും 6 കോടിക്കും 50 കോടിക്കും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവയെ എ2 വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ എ1 വിഭാഗത്തില്‍ കര്‍ണ്ണാടകയിലെ ബെംഗളുരു സിറ്റി സ്റ്റേഷന്‍ പത്താമതും യശ്വന്തര്‍ 32-ാം സ്ഥാനത്തുമാണ്.
സ്വഛ് റെയില്‍വേ പദ്ധതിയുടെ ഭാഗമായി റെയില്‍വേയില്‍ ശുചിത്വത്തെകുറിച്ചുള്ള മൂന്നാമത്തെ സര്‍വേയാണിത്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം, ശുദ്ധിയുള്ള ട്രാക്കുകള്‍, ശൗചാലയങ്ങള്‍, വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യം, കച്ചവട സ്ഥാപനങ്ങള്‍, കാത്തിരിപ്പ് കേന്ദ്രം, പ്ലാറ്റ് ഫോം, യാത്രക്കാരുടെ അഭിപ്രായം എന്നിവ പരിശോധിച്ചാണ് സര്‍വ്വേ തയാറാക്കിയത്.
















