അഴിമതിക്കുള്ള സാധ്യത നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സംവിധാനം സ്ഥാപിക്കുമെന്നത് ബിജെപിയുടെ 2014 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനമായിരുന്നു. ഈ ലക്ഷ്യം നേടാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കുക, സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഇ-ഗവേര്‍ണന്‍സ്, നയങ്ങളിലൂന്നിയുള്ള ഗവണ്‍മെന്റ് നികുതിവ്യവസ്ഥ ഏകീകരിക്കുകയും ലഘൂകരിക്കുകയും ചെയ്യുക എന്നീ മാര്‍ഗങ്ങളാണ് ഗവണ്‍മെന്റ്മുന്നോട്ടുവെച്ചത്.
ഇതിനുപുറമെ, കള്ളപ്പണത്തിന്റെ അളവ് കുറയ്‌ക്കും, വിദേശ ബാങ്കുകളിലും അക്കൗണ്ടുകളിലും നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരും, ഇതിനായി പുതിയ നിയമങ്ങള്‍ കൊണ്ടുവരികയും നിലവിലുള്ള നിയമങ്ങള്‍ ഭേദഗതിവരുത്തുകയും ചെയ്യും, കള്ളപ്പണത്തെക്കുറിച്ചുള്ള വിവരം ലഭിക്കാന്‍ വിദേശ ഗവണ്‍മെന്റുകളുമായി സക്രിയമായി ഇടപെടും എന്നിവയും പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. അഴിമതി തുടച്ചുനീക്കുന്നതിലും കള്ളപ്പണം കണ്ടുകെട്ടുന്നതിലും എന്‍ഡിഎ ഗവണ്‍മെന്റിന്റെ വിജയം അളക്കാന്‍ ഈ മാനദണ്ഡങ്ങള്‍ പര്യാപ്തമാണ്.കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കിക്കഴിഞ്ഞ ഗവണ്‍മെന്റ് നാലാംവര്‍ഷത്തേക്ക് കടന്നു. ഗവണ്‍മെന്റിന്റെ പ്രകടനം വിലയിരുത്താന്‍ പറ്റിയ ശരിയായ അവസരമാണിത്.
ഇതിനു മുമ്പുള്ള ഗവണ്‍മെന്റ് അഴിമതിയും വിവാദങ്ങളുംകൊണ്ട് നിറഞ്ഞതായിരുന്നു. ഇന്ത്യയില്‍നിന്ന് വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള കണക്കില്‍പ്പെടാത്ത പണത്തെക്കുറിച്ച് 2019 ല്‍ സുപ്രീം കോടതിയില്‍ രാം ജത്മലാനി ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ലോക്പാലിനായി അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ഗവണ്‍മെന്റിനെ പ്രധിരോധത്തിലാക്കിയിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള കള്ളപ്പണം തടയാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് 2011 മെയ് മാസത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ്ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ യുപിഎ ഗവണ്‍മെന്റ് ഒരു സമിതിക്ക് രൂപംനല്‍കി. കൃത്യം ഒരുവര്‍ഷം കഴിഞ്ഞ് 2012 മെയ് മാസത്തില്‍ കള്ളപ്പണത്തെക്കുറിച്ചുള്ള ധവളപത്രം പുറത്തുവിട്ടു. 2011 ജൂലൈ നാലിന് രാം ജത്മലാനി കേസില്‍ വിധി പ്രസ്താവിക്കുന്നതിനിടെ മറ്റു കാര്യങ്ങളുടെകൂടെ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാതെ മൂന്നു വര്‍ഷം യുപിഎ ഗവണ്‍മെന്റ് പാഴാക്കി.
സുപ്രീംകോടതി തീരുമാനമനുസരിച്ച് കള്ളപ്പണത്തെക്കുറിച്ച് 2014 മെയ് 27 ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനായിരുന്നു എന്‍ഡിഎ ഗവണ്‍മെന്റിന്റെ ആദ്യ തീരുമാനം. ജസ്റ്റിസ് എം.ബി ഷായായിരുന്നു അധ്യക്ഷന്‍. ജസ്റ്റിസ് അരിജിത് പസായത്ത് ഉപാധ്യക്ഷനും. ഇതുവരെ ഈ പ്രത്യേക അന്വേഷണസംഘം സുപ്രീംകോടതിയ്‌ക്ക് 6 ഇടക്കാല റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ ഭൂരിപക്ഷം ശുപാര്‍ശകളും ഗവണ്‍മെന്റ് അംഗീകരിച്ചു. മൂന്ന് ലക്ഷത്തില്‍ക്കൂടുതല്‍ തുക പണമായി കൈമാറുന്നത് നിയമവിരുദ്ധവും നിയമത്തിനു കീഴില്‍ ശിക്ഷ ലഭിക്കാവുന്നതുമാക്കി മാറ്റി. 15 ലക്ഷത്തില്‍ക്കൂടുതല്‍ തുക പണമായി കൈവശംവെക്കുന്നത് നിയമവിരുദ്ധമായി പരിഗണിക്കണമെന്ന ശുപാര്‍ശ ഗവണ്‍മെന്റിന്റെ സജീവ പരിഗണനയിലാണ്. ജസ്റ്റിസ് അരിജിത് പസായത്തിന്റെ അഭിപ്രായമനുസരിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതുമുതല്‍ ഇതുവരെ 70000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 16000 കോടി രൂപ ഇന്ത്യക്കാര്‍ വിദേശത്ത് നിക്ഷേപിച്ചതാണ്.
മൂന്നു വര്‍ഷത്തിനിടെ സംശുദ്ധമായ ഗവണ്‍മെന്റാണ് എന്‍ഡിഎ പ്രദാനം ചെയ്തത്. ഗവണ്‍മെന്റില്‍ തട്ടിപ്പുകളുടേയോ അഴിമതിയുടേയോ നിഴല്‍ പോലുമില്ലായിരുന്നു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ രണ്ടാം ഊഴം അഴിമതി, തട്ടിപ്പുകേസുകള്‍കൊണ്ട് നിറഞ്ഞതായിരുന്നു. വ്യക്തിപരമായി അഴിമതിമുക്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഗവണ്‍മെന്റിനെയും അഴിമതിമുക്തമാക്കി നിലനിര്‍ത്തി. ഞാന്‍ കൈക്കൂലി വാങ്ങില്ല, മറ്റുള്ളവരെ അതിനു സമ്മതിക്കുകയുമില്ല എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പായി അവര്‍ കാണുന്നു.
അഴിമതിയും കള്ളപ്പണവും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഗവണ്‍മെന്റ് നിയമപരവും ഭരണപരവും സാങ്കേതികപരവുമായ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 2015 ലെ കള്ളപ്പണ (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തിയും) നിയമം, 2016 ലെ ബിനാമി ഇടപാട് (തടയല്‍) ഭേദഗതി നിയമം, 2014 ലെ സെക്യൂരിറ്റീസ് നിയമങ്ങള്‍ (ഭേദഗതി), 2017 ലെ സ്‌പെസിഫൈഡ് ബാങ്ക് നോട്ട്‌സ് (സെസ്സേഷന്‍ ഓഫ് ലയബിലിറ്റീസ് ആക്ട്) എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്.
2015 ലെ കള്ളപ്പണ (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തിയും) നിയമപ്രകാരം 4,164 കോടി രൂപയുടെ വെളിപ്പെടുത്താത്ത വിദേശ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തപ്പെട്ടു. 2016 ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ നിലവില്‍ ഉണ്ടായിരുന്ന വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയനുസരിച്ച് 64,275 വെളിപ്പെടുത്തലുകള്‍ നടന്നു. ഇത് 65,250 കോടി രൂപ വരും.
2000 നും 2015 നുമിടയ്‌ക്ക് ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൂന്നിലൊന്നും മൗറീഷ്യസ് വഴിയാണ് എത്തിയത്. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഇന്ത്യയിലേക്ക് കള്ളപ്പണം തിരിച്ചെത്തിക്കുന്നതിനും ഈ പാതയ്‌ക്ക് വലിയ പങ്കുണ്ടെന്ന സംശയമുണ്ടായിരുന്നു. അതുകൊണ്ട് 2016 മെയ് 11 ന് മൂന്നു പതിറ്റാണ്ടായി മൗറീഷ്യസുമായി നിലവിലുണ്ടായിരുന്ന ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാര്‍ ഇന്ത്യ ഭേദഗതിചെയ്തു. ഫണ്ടുകള്‍ ഇന്ത്യയിലേക്ക് തിരികെ എത്തുന്നത് തടയാന്‍ പുതിയ നികുതി സംവിധാനത്തിനായി.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആനുകൂല്യം നല്‍കുന്ന പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് നടപ്പിലാക്കിയിരുന്നു. അതേസമയം ഗുണഭോക്താക്കളില്‍ ഭൂരിപക്ഷത്തിനും ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാല്‍ ആനൂകൂല്യം വിതരണംചെയ്യുന്നതിലെ ചോര്‍ച്ചയും വെട്ടിപ്പും ഒഴിവാക്കാന്‍ സാധിച്ചിരുന്നില്ല. എന്‍ഡിഎ ഗവണ്‍മെന്റിന്റെ പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന പാവങ്ങളുടെ ബാങ്കിംഗ് കവറേജ് വര്‍ദ്ധിപ്പിച്ചു. ഇതുവരെ ഈ പദ്ധതിക്കു കീഴില്‍ 28.38 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുന്നതും ഫണ്ടുകള്‍ ഇലക്ട്രോണിക്‌സ് സംവിധാനം വഴി കൈമാറുന്നതും ഇത് മുമ്പത്തേക്കാള്‍ ഏറെ യാഥാര്‍ത്ഥ്യമാക്കി. ഏറെ ഉത്സാഹത്തോടെയാണ് എന്‍ഡിഎ ഗവണ്‍മെന്റ് ആധാര്‍ കാര്‍ഡ് പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നത്. മുന്‍ ഗവണ്‍മെന്റ് ഈ പദ്ധതിയെക്കുറിച്ച് നിയമനിര്‍മാണം നടത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഈ ഗവണ്‍മെന്റ് 2016 ല്‍ ശക്തമായ ആധാര്‍ നിയമം കൊണ്ടുവന്നു. വ്യക്തിഗത ഇടപാടുകളില്‍ സമ്പൂര്‍ണ്ണമായ ഉത്തരവാദിത്തം കൊണ്ടുവരാന്‍ ജാം (ജന്‍ ധന്‍- ആധാര്‍-മൊബൈല്‍) ത്രയത്തിന് സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
കള്ളപ്പണം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഗവണ്‍മെന്റിന്റെ സുപ്രധാന ചുവടുവെപ്പായിരുന്നു 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയത്. ഈ രണ്ടു മൂല്യങ്ങളിലുള്ള ബാങ്ക് നോട്ടുകളിലാണ് ഏറ്റവും കൂടുതല്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നതെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ഒരു വലിയ പങ്ക് കറന്‍സി അസാധുവാക്കലോടെ വെളിപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. കറന്‍സി അസാധുവാക്കല്‍ കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ എങ്ങനെ പ്രതിഫലിച്ചുവെന്നതിന്റെ പൂര്‍ണ്ണമായ ചിത്രം ഗവണ്‍മെന്റ് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ മാത്രമേ മനസ്സിലാവൂ. കറന്‍സി അസാധുവാക്കലിനെ പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള അവസരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത്. ഇന്ത്യയിലൊട്ടാകെ നിരവധി ഡിജിധന്‍ മേളകള്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ചു. യുണൈറ്റഡ് പേയ്‌മെന്റ്ഇന്റര്‍ഫേസില്‍ അധിഷ്ഠിതമായ ഭീം (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ് ഗവണ്‍മെന്റ് പുറത്തിറക്കി.
തെരഞ്ഞെടുപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് രാഷ്‌ട്രീയ അഴിമതിയുടെ മൂലകാരണമാണ്. തെരഞ്ഞെടുപ്പുകള്‍ക്ക് ഫണ്ടിംഗ് നല്‍കുന്നത് സുതാര്യമാക്കുന്നത് ഗവണ്‍മെന്റിന്റെ അജണ്ടയില്‍ മുന്‍പന്തിയിലാണ്.
















