റേഡിയോ ജോക്കിയും സ്റ്റേജ് ഷോ അവതാരകയുമായ അലീഷ മുഹമ്മദ് മോളിവുഡിലേക്ക്. മമ്മൂട്ടിയുടെ നായികയായിട്ടാണ് അലീഷയുടെ അരങ്ങേറ്റം. രഞ്ജിത് സംവിധാനം നിര്‍വഹിക്കുന്ന കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്ന ചിത്രത്തിലേക്ക് അലീഷയുടെ പേര് നിര്‍ദ്ദേശിച്ചത് മമ്മൂട്ടിയാണ്. ജര്‍മനിയില്‍ വര്‍ഷങ്ങളോളം താമസിച്ച ശേഷം കേരളത്തില്‍ തിരിച്ചെത്തുന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്. മമ്മൂട്ടിയുടെ പൂര്‍വകാമുകിയായ റോസിയെന്ന കഥാപാത്രത്തെ അലീഷ അവതരിപ്പിക്കും.
മമ്മൂട്ടി-രഞ്ജിത് കൂട്ടുകെട്ടില്‍ പിറവികൊള്ളുന്ന ചിത്രം എന്നതിനപ്പുറം വന്‍താരനിരയുണ്ടെന്നതാണ് കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ മറ്റൊരു പ്രത്യേകത. മോഹന്‍ലാലും ദിലീപും ഈ ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. നെടുമുടി വേണു, ബാലചന്ദ്ര മേനോന്‍, സിദ്ധീഖ് തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.
















