തിരുവനന്തപുരം: എമര്‍ജിങ് കേരള നടത്തിപ്പ് കേസിന്റെ വിധി 19ന്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ ഇന്നലെ വിജിലന്‍സ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സമാന പരാതി ലോകായുക്തയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷിക്കുകയാണ്. എന്നാല്‍ ഹര്‍ജിക്കാരനായ പായ്ച്ചിറ നവാസ് നല്‍കിയ പരാതി എമര്‍ജിങ് കേരളയുടെ മൂന്നു ദിവസത്തെ പരിപാടിയുടെ ക്രമക്കേട് അന്വേഷിക്കണമെന്നാണ്. ഒരേ അഴിമതി ഒരുമിച്ച് അന്വേഷിച്ചാല്‍ പോരേയെന്ന് ജഡ്ജി എ.ബദറുദ്ദീന്‍ ആരാഞ്ഞു. എന്നാല്‍ രണ്ട് പരാതികളില്‍ സമാനമായ വിഷയം ഉണ്ടെങ്കില്‍, അത് രണ്ട് ഫോറങ്ങളിലാണെങ്കില്‍ അന്വേഷിക്കുന്നതില്‍ അപാകതയില്ലെന്ന് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 2012 സപ്തംബറില്‍ കൊച്ചിയില്‍ നടത്തിയ എമര്‍ജിങ് കേരള 2012 നിക്ഷേപക സംഗമത്തിന്റെ പ്രചാരണത്തില്‍ അഴിമതി നടന്നതായാണ് പരാതി. മൂന്ന് ദിവസത്തെ പരിപാടി സംഘടിപ്പിക്കാന്‍ 12 കോടി രൂപ ചെലവിട്ടെന്നും രണ്ടു സ്വകാര്യ ഇവന്റ് കമ്പനികള്‍ക്ക് മാനദണ്ഡമില്ലാതെ 11 കോടി രൂപ നല്‍കിയെന്നുമാണ് ഹര്‍ജിയിലെ ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍, മുന്‍ വ്യവസായ സെക്രട്ടറി പി.എച്ച്.കുര്യന്‍, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
















