തലശ്ശേരി: സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയിലെ നങ്ങാറത്ത് പീടികയും പരിസരപ്രദേശത്തും സായുധ സേനയെ വിന്യസിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ഈ പ്രദേശത്തെ ഏഴോളം വീടുകളും ഒരു കാര്‍, എട്ട് ബൈക്കുകള്‍ എന്നിവയും അക്രമിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം സമാധാന യോഗം നടന്നുവെങ്കിലും വീണ്ടും അക്രമങ്ങള്‍ ഉണ്ടാവുന്നത് പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അക്രമസംഭവത്തെത്തുടര്‍ന്ന് ഉന്നത പോലീസ് സംഘം ബുധനാഴ്ച രാത്രി സംഭവസ്ഥലത്തെത്തിയിരുന്നു. എ.ഡി.ജി.പി. രാജേഷ് ദിവാന്‍ ജില്ലാ പോലീസ് ചീഫ് ശിവ വിക്രം ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയും നടത്തിയിരുന്നു. രണ്ട് മണിക്കൂറിലേറെ സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷം അഞ്ച് പ്ലാറ്റൂണ്‍ സായുധ സേനയെയാണ് വിന്യസിച്ചിട്ടുള്ളത്.
















