കൊച്ചി: മത്സ്യകൃഷിയിലെ നൂതന സാധ്യതകള്‍ കണ്ടെത്താനും ഉപയോഗപ്പെടുത്തനും മറൈന്‍ പ്രൊഡക്ടട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്മന്റ് അഥോറിറ്റി (എംപെഡ) നടത്തുന്ന അക്വ അക്വേറിയ സമ്മേളനം മംഗലാപുരത്ത്. മെയ് 14 മുതല്‍ 16 വരെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഈ സമ്മേളനം.
സുസ്ഥിരമായ അലങ്കാരമത്സ്യകൃഷിയിലെ വൈവിദ്ധ്യം എന്നതാണ് രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തുന്ന നാലാമത് അക്വ അക്വേറിയയുടെ പ്രമേയം. വിപുലമായ പ്രദര്‍ശനവുമുണ്ട്. കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ കയറ്റുമതി നോഡല്‍ ഏജന്‍സിയായ എംപെഡയാണ് മുഖ്യ സംഘാടകര്‍.
കര്‍ണാടക ഫിഷറീസ,് കായിക യുവജനക്ഷേമ വകുപ്പു മന്ത്രി പ്രമോദ് മധ്വരാജ് ഉദ്ഘാടനം ചെയ്യും. നളിന്‍ കുമാര്‍ കട്ടീല്‍ എംപി മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി ദേവേന്ദ്ര ചൗധരിയും പങ്കെടുക്കും.
മത്സ്യകര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിജ്ഞാനം വര്‍ധിപ്പിക്കുന്നതിന് മികച്ച അവസരമാണ് സമ്മേളനത്തിലൂടെ കൈവരുന്നതെന്ന് എംപെഡ ചെയര്‍മാന്‍ ഡോ. എ. ജയതിലക് പറഞ്ഞു. മത്സ്യകൃഷിയില്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉത്പാദനം കൂട്ടുകയും അതുവഴി തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ് സമ്മേനത്തിന്റെ ലക്ഷ്യം, അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശത്തു നിന്നുള്ളവരുള്‍പ്പെടെ മൂവായിരത്തോളം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. 250 സ്റ്റാളുകളും ഒരുക്കിയിരിക്കുന്നു. അത്യാധുനിക മത്സ്യകൃഷി രീതികള്‍, യന്ത്രങ്ങള്‍, കയറ്റുമതി ലക്ഷ്യം വച്ചു കൊണ്ടുള്ള മൂല്യവര്‍ധിത ഉപകരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍, സംരംഭകര്‍, ഹാച്ചറി, മത്സ്യത്തീറ്റ വ്യവസായം, ഉത്പാദകര്‍, വിതരണക്കാര്‍ എന്നിങ്ങനെ സമസ്ത മേഖലകളില്‍ നിന്നും ലോകത്തെമ്പാടുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ആഗോളപ്രസിദ്ധരായ നിരവധി വിദഗ്ധരും മേളയില്‍ പങ്കെടുക്കുകയും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.
















