തിരുവനന്തപുരം: പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന പരാതി നല്‍കി. പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെയാണ് ബീന പരാതി നല്‍കിയത്. ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതാ ബിശ്വാസിനാണ് ബീന പരാതി നല്‍കിയത്.
തന്നെ നീക്കിയത് ചട്ടവിരുദ്ധമാണെന്ന് ബീന പരാതിയില്‍ ചൂണ്ടിക്കാട്ടി. സെന്‍കുമാര്‍ തന്നോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്നും ബീന ആരോപിച്ചിട്ടുണ്ട്.
ഇന്നലെയാണ് ബീനയെ ടി ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കികൊണ്ട് സെന്‍കുമാര്‍ ഉത്തരവിറക്കിയത്. ബീനയ്‌ക്ക് പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് സി.എസ്.സഞ്ജീവ് ചന്ദ്രനെ നിയമിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് പേരൂര്‍ക്കട എസ്.എ.പിയിലെ ജൂനിയര്‍ സൂപ്രണ്ട് സുരേഷ് കൃഷ്ണയെ സെന്‍കുമാര്‍ നിയമിച്ചു.
സെന്‍കുമാറിനെ സര്‍ക്കാര്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയ സമയത്ത് പുറ്റിങ്ങല്‍, ജിഷ കേസ് എന്നിവ സംബന്ധിച്ച രേഖകള്‍ വിവരാവകാശ പ്രകാരം ആരോ ചോദിച്ചെന്നും അത് നല്‍കാന്‍ വിസമ്മതിച്ചതുമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
















