തിരുവനന്തപുരം: മഹാരാജാസ് കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ്. പി.ടി. തോമസും ഹൈബി ഈഡനുമാണ് മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ നോട്ടീസ് നല്‍കിയത്.
കോളജില്‍നിന്നു പിടിച്ചെടുത്തത് വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ മാത്രമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് പോലീസ് അന്വേഷണത്തെ സ്വാധീനിക്കുന്നതാണെന്നും എഫ്‌ഐആറിലെ രേഖകള്‍ മറച്ചുവച്ചു മുഖ്യമന്ത്രി നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും ഇവര്‍ വിമര്‍ശിച്ചു. പിന്നീട് മുഖ്യമന്ത്രിയുടെ പരാമര്‍ശം പരിശോധിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.
കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ സെന്‍ട്രല്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു മീറ്ററോളം നീളമുള്ള 14 ഇരുമ്പുവടികളും നാലു തടി വടികളും ഒരു വാക്കത്തിയും പിടിച്ചെടുത്തിരുന്നു. മഹാരാജാസില്‍ നിന്നും കണ്ടെത്തിയതു മാരകായുധങ്ങള്‍ തന്നെയാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും വ്യക്തമാക്കിയിട്ടുണ്ട്. ആയുധ നിരോധന നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഗാര്‍ഹികകാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത മൂര്‍ച്ചകൂടിയ വെട്ടുകത്തി, ഒരുവശത്തു തുണിയും കയറും ചുറ്റി കൈപ്പിടിയുണ്ടാക്കിയ ഇരുമ്പുവടികള്‍ എന്നിവയാണു പിടിച്ചെടുത്തതെന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കോളജില്‍ നിന്ന് പിടിച്ചെടുത്തത് നിര്‍മാണ സാമഗ്രികളാണെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാം. സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അവിടെ ഉപയോഗിക്കുന്ന പൈപ്പും കമ്പിയും പലകയുമാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരണം നല്‍കിയിരുന്നു.
















