തിരുവനന്തപുരം : പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വന്‍കുറവ് വന്നതായി ബെവ്‌റിജസ് കോര്‍പ്പറേഷന്‍.
ഏപ്രില്‍ മാസം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 106 കോടിയുടെ വില്‍പ്പനയാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,078 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഈ ഏപ്രിലില്‍ 972 കോടിരൂപയുടെ വില്‍പ്പനമാത്രമാണ് ബെവ്കോയിലൂടെ നടന്നത്. വിദേശമദ്യ വില്‍പ്പനയില്‍ എട്ട് ശതമാനത്തിന്റെയും ബിയര്‍ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്.
നിലവില്‍ 175 വില്‍പ്പന കേന്ദ്രങ്ങളാണ് ബെവ്കോയ്‌ക്ക് ഉള്ളത്. 100 വില്‍പ്പന ശാലകള്‍ തുറക്കാനുണ്ട്. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ വില്‍പ്പന ശാലകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വന്‍ പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 നാണ് സുപ്രിം കോടതി പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ ഇളവ് തേടി ഹര്‍ജി സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് സുപ്രീം കോടതിയുടെ അന്തിമ വിധി വന്നു. വിധിയില്‍ ആര്‍ക്കും ഇളവില്ലെന്നും എത്രയും വേഗം വിധി നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
















