കോഴിക്കോട്: അഖിലേന്ത്യ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ ദേഹ പരിശോധനക്ക് വിധേയമാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണം ഖേദകരമാണെന്ന് കേരള പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.പി. മുഹമ്മദലി, കണ്‍വീനര്‍ നിസാര്‍ ഒളവണ്ണ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രാകൃതവും മൃഗീയവുമായ ഇത്തരം പരിശോധനാ രീതികളെ ആര്‍ക്കും അംഗീകരിക്കാനാവില്ല. മാത്രവുമല്ല ആരോപണ വിധേയമായ സെന്ററുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഎസ്ഇയും കേരള പോലീസും ആവശ്യമായ ശിക്ഷാ നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ ആരോപണത്തിന്റെ മറവില്‍ കേരളത്തിലെ സിബിഎസ്ഇ വിദ്യാലയങ്ങളെ അടച്ചാക്ഷേപിക്കാനുള്ള ചിലരുടെ നീക്കം ദുരുദ്ദേശപരമാണ്. ഓരോ ജില്ലയിലും അമ്പതിലേറെ സെന്ററുകളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ എഴുതിയത്. ഇവിടങ്ങളിലൊക്കെ മാന്യമായ പെരുമാറ്റവും സൗകര്യവുമാണ് പരീക്ഷാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. എന്നിരിക്കെ, ഏതെങ്കിലും തരത്തിലുള്ള ഒറ്റപ്പെട്ട വീഴ്ചകളെ പര്‍വ്വതീകരിച്ച് വിദ്യാലയങ്ങളെ മൊത്തം ആക്ഷേപിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: