മുക്കം: കഴിഞ്ഞ ദിവസം മലയോര മേഖലയില്‍ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും കാരശേരി, കൊടിയത്തൂര്‍, മാവൂര്‍ പഞ്ചായത്തുകളിലായി ഒരു കോടിയോളം രൂപയുടെ കൃഷിനാശം.
മാവൂരില്‍ മുപ്പതിനായിരത്തോളം വാഴകളും കാരശേരിയില്‍ ഇരുപതിനായിരത്തോളം വാഴകളും കാറ്റില്‍ നിലംപൊത്തി. പതിനായിരത്തോളം വാഴകള്‍ കൊടിയത്തൂരിലും നശിച്ചിട്ടുണ്ട്. ബാങ്ക് ലോണെടുത്തും മറ്റും കൃഷിയിറക്കിയ നൂറോളം കര്‍ഷകര്‍ക്കാണ് വലിയ നഷ്ടമുണ്ടായത്.
കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നശിച്ചതിലധികവും. വാഴക്ക് പുറമെ നിരവധി പേരുടെ റബര്‍, കപ്പ എന്നിവയും നശിച്ചിട്ടുണ്ട്. നിരവധി പേരുടെ വീടുകള്‍ നശിച്ചത് കണക്കാക്കിയാല്‍ നഷ്ടം ഒരു കോടി കവിയും. കൃഷി നശിച്ചവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
താമരശേരി: ശക്തമായ ഇടിമിന്നലില്‍ വാവാട് പെരുവന്തൊടുകില് മുഹമ്മദ്, ജമാല്‍ എന്നിവരുടെ വീടുകളുടെ ചുമരുകള്‍ക്ക് വിള്ളലേറ്റു. ഇലക്ട്രോണിക് ഉപകരണങ്ങളും വയറിംഗും ഫര്‍ണ്ണിച്ചറുകളും കത്തിനശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. കാര്‍ഷിക വിളകള്‍ക്കും നാശമുണ്ടായിട്ടുണ്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയുണ്ടായ മഴയെ തുടര്‍ന്നുള്ള ഇടിമിന്നലിലാണ് വ്യാപക നാശമുണ്ടായത്.
പേരാമ്പ്ര: ശക്തമായ ഇടിമിന്നലില്‍ തെങ്ങുകള്‍ക്ക് തീപിടിച്ചു. മരുതേരി തൈക്കണ്ടി യൂസഫിന്റെ പുരയിടത്തിലെ മൂന്ന് തെങ്ങുകളാണ് മിന്നലേറ്റു കത്തിയത്. ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം. വീടിന് കേടുപാടുകളില്ലെങ്കിലും വൈദ്യുതി മീറ്റര്‍ തകരാറിലായി. പേരാമ്പ്രയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: